യൂറോകപ്പ്: ഇംഗ്ലണ്ടും സ്‌പെയിനും ഫൈനലില്‍ ഇന്ന് നേര്‍ക്കുനേര്‍
ബെർലിൻ: 75000ത്തോളം കപ്പാസിറ്റിയുള്ള ബർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ ഇന്ന് ആരുടെ ആഹ്ലാദം അലയടിക്കും, ആരുടെ കണ്ണീർ വീഴും. മുമ്പിലെത്തിയ വന്പന്മാരെയെല്ലാം യുവക്കരുത്തുമായി കീഴ്പെടുത്തി അപരാജിതരായ ലൂയിസ് ഡി ലാ ഫുവൻ്റെയുടെ സ്പെയിൻ, വൻ താര നിരയുടെ ബലത്തിൽ പുറത്താകലിൻ്റെ വക്കിൽ നിന്നും കഴിഞ്ഞ തവണത്തെ നഷ്ടക്കിരീടം നേടിയെടുക്കാൻ ഗാരത് സൗത് ഗേറ്റിൻ്റെ ഇംഗ്ലണ്ട്. പരാജയം സമ്മതിക്കാൻ മനസ്സില്ലാത്ത ഇരുടീമുകളും നേർക്കുനേർ വരുന്പോൾ ഫലം പ്രവചനാതീതം.
ഇന്ന് രാത്രി 12.30നാണ് യൂറോകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്‌പെയിനും മത്സരത്തിനിറങ്ങുന്നത്.
ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയാണ് യൂറോകപ്പിന്റെ ഫൈനലിലെത്തുന്നത്. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പിൽ കളിക്കുന്നത്.
2020 യൂറോകപ്പിലും ഇംഗ്ലീഷ് സംഘം തന്നെയായിരുന്നു ഫൈനലിൽ എത്തിയ ഒരു ടീം. എന്നാൽ ഇറ്റലിക്കെതിരേ പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ട് അന്ന് നഷ്ടപ്പെട്ട കിരീടം ഇന്ന് തിരിച്ചു പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. യൂറോകപ്പിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടിന്റേതെങ്കിലും ഫൈനൽവരെ അവർക്ക് ഈസി റണ്ണിങ്ങായിരുന്നില്ല. പല ടീമുകളോടും അവസാന മിനുട്ടുവരെ നീണ്ടുപോയ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് സംഘം ജയിച്ചു കയറിയത്. 1968 മുതൽ യൂറോകപ്പിൽ കളിക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഏറ്റവും മികച്ച ടീമായ ഇംഗ്ലണ്ടിന് ഇതുവരെ യൂറോകപ്പ് കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
അതിനാൽ ഇന്നത്തെ മത്സരത്തിൽ സ്‌പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമോ എന്ന് കാത്തിരുന്ന് കാണാം. എന്നാൽ എതിർ പക്ഷത്ത് നിൽക്കുന്ന സ്‌പെയിനിനെ എഴുതിത്തള്ളാനാകില്ല. ബി ഗ്രൂപ്പിൽനിന്ന് മൂന്ന് മത്സരവും ജയിച്ച സ്‌പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെതന്നെ വീഴ്ത്തി. പിന്നീട് ലോകകപ്പിലെ റണ്ണേഴ്‌സപ്പായ ഫ്രാൻസിനെയായിരുന്നു സെമി ഫൈനലിൽ എതിരാളികളായി ലഭിച്ചത്. എന്നാൽ ഫ്രഞ്ച് പടയേയും അനായാസം തുരത്തിയാണ് സ്‌പെയിൻ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്നത്.
1964ൽ യൂറോകപ്പിന്റെ ആദ്യ എഡിഷനിൽതന്നെ സ്‌പെയിനായിരുന്നു ജേതാക്കളായത്. പിന്നീട് 2008,2012 വർഷങ്ങളിലും കിരീടം നേടിയ സ്‌പെയിനിനെ വീഴ്ത്തൽ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്.
മുന്നേറ്റത്തിൽ യുവതാരങ്ങളാൽ സമ്പന്നമായ സ്‌പെയിനിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞാൽ ഇംഗ്ലീഷുകാർക്കിന് ചരിത്രത്തിലെ ആദ്യ യൂറോകപ്പ് സ്വന്തം നാട്ടിലെത്തിക്കാൻ കഴിയും.
സ്‌പെയിൻ
- ഫിഫ റാങ്ക് .............................................8
- യൂറോകപ്പിൽ അരങ്ങേറ്റം.............. 1964
- മികച്ച പ്രകടനം..... ചാംപ്യൻമാർ 1964,2008,2012
യൂറോകപ്പ് 2024
- ആറു മത്സരങ്ങൾ
- ആറു ജയം
- അടിച്ച ഗോൾ................. 13
- വഴങ്ങിയ ഗോൾ ...............3
ഇംഗ്ലണ്ട്
- ഫിഫ റാങ്ക് ..............................................5
- യൂറോകപ്പിൽ അരങ്ങേറ്റം.............. 1968
- മികച്ച പ്രകടനം............ 2020 റണ്ണേഴ്‌സപ്പ്
യൂറോകപ്പ് 2024
- ആറു മത്സരങ്ങൾ
- നാലു ജയം
- രണ്ട് സമനില
- അടിച്ച ഗോൾ................ 7
- വഴങ്ങിയ ഗോൾ ...........4
2-1
സെമിഫൈനലിൽ 2-1 എന്ന സ്കോറിന് ജയിച്ചാണ് സ്പെയിനും ഇംഗ്ലണ്ടും കലാശപ്പോരിനെത്തുന്നത്. സ്‌പെയിന്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ കീഴടക്കിയപ്പോൾ ഇതേ സ്‌കോറിന് നെതര്‍ലന്‍ഡ്‌സിനെ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ടും കലാശ ടിക്കറ്റെടുത്തത്. ഇരു ടീമുകളും ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് സെമി കടന്നതെന്നതും ശ്രദ്ധേയം.
ഗോൾഡൻ ബൂട്ട് ആർക്ക് ?
യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇത്തവണ ആര്‍ക്കും വ്യക്തമായ ആധിപത്യമില്ല. മൂന്ന് ഗോള്‍ വീതം നേടി ആറു പേരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇതില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരികെയ്‌നും സ്‌പെയിനിന്റെ ഡാനി ഒല്‍മോയുമാണ് ഫൈനലിനുള്ളത്. ഇന്ന് ഗോള്‍ കണ്ടെത്തി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുറച്ചാവും ഇരുവരും ഇറങ്ങുക. രണ്ട് ഗോള്‍ വീതമുള്ള ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാം, സ്‌പെയിനിന്റെ ഫാബിയന്‍ റൂയിസ്, എന്നിവരാണ് ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ട് ഫൈനലിനിറങ്ങുന്ന മറ്റുള്ളവര്‍.
14-10
ആകെ 27 തവണയാണ് ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടിയത്. ഇതില്‍ 14 മത്സരങ്ങളില്‍ ജയിച്ച ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. 10 മത്സരങ്ങളില്‍ ജയം സ്‌പെയിനിനൊപ്പമായിരുന്നു. മൂന്ന് മത്സരം സമനിലയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."