അല്‍ മവാസി ക്യാംപ് കൂട്ടക്കൊലയില്‍ മരിച്ചത് 90ലേറെ പേര്‍, നിരവധിയാളുകളെ ഇനിയും കണ്ടെത്തിയില്ല
ഗസ്സ: ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥികേന്ദ്രങ്ങളിലൊന്നായ അല്‍ മവാസിയിലെ ക്യാംപിന് മേല്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത് 90ലേറെ ആളുകള്‍. ഇസ്‌റാഈല്‍ കൂട്ടക്കൊല ചെയതവരില്‍ സ്ത്രീകളും കുട്ടികളുമാണ് ഭൂരിഭാഗവും. ഇനിയുമേറെ ആളുകളെ കണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല.
300 പേരാണ് ഇപ്പോള്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലരുടെയും നിലഗുരുതരമാണ്. ഇവരെ ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ഹമാസ് നേതാക്കള്‍ ക്യാംപില്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇസ്‌റാഈല്‍ സാധാരണക്കാരെ കൂട്ടക്കുരുതിക്കിരയാക്കിയത്.
ഹമാസ് സൈിനകവിഭാഗം മേധാവി മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഗസ്സയിലുള്ള ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായി കരുതുന്നയാളാണ് 58 കാരനായ ദെയ്ഫ്. അപൂര്‍വമായി മാത്രം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ള ദെയ്ഫ് നേരത്തെ പലതവണ ഇസ്‌റാഈലിന്റെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടയാളാണ്. ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ 'അല്‍ അഖ്‌സ പ്രളയം' എന്നപേരില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ദെയ്ഫായിരുന്നു.
ദെയ്ഫ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് ഹമാസ് നിഷേധിച്ചു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കാനായി പോരാളി നേതാക്കള്‍ കൊല്ലപ്പെട്ടെന്നുള്ള പ്രസ്താവനകള്‍ സയണിസ്റ്റുകള്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. വാര്‍ത്ത തെറ്റാണെന്ന് ഹമാസ് വക്താവ് അബൂ സുഹ്‌രി റേയിട്ടേഴ്‌സ് ഏജന്‍സിയോടും പറഞ്ഞു.
പടിഞ്ഞാറന്‍ ഗസ്സ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ മരിച്ചു. ഗസ്സ ബീച്ച് ക്യാംപിലെ പ്രാര്‍ഥനാ ഹാളിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഖാന്‍ യബനുസിലെ ദാറുല്‍ ലാഹില്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ നൂറോളം പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 281 ദിവസം പിന്നിട്ട ഇസ്‌റാഈല്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,443 ആയി. ഒക്ടോബറിന് ശേഷം പരുക്കേറ്റവരുടെ എണ്ണം 88,481 ആയി.
മധ്യസ്ഥ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെ ആക്രമണത്തെ ഈജിപ്ത് കടുത്ത ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്കുനേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വരുന്നതിന് ഗുരുതരമായ തടസമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കൂട്ടക്കൊലയെ ഫലസ്തീന്‍ പ്രതിരോധ സംഘടനകള്‍ അപലപിച്ചു. ഇതു മുന്‍കൂട്ടി ആസൂത്രണംചെയ്ത കൊലപാതകമാണെന്ന് ഇസ്‌ലാമിക് ജിഹാദ് പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."