താമസം കേരളത്തിൽ പക്ഷേ, പോസ്റ്റ് ഓഫിസ് കർണാടകയിൽ
പെർള (കാസർകോട്): താമസം കേരളത്തിലാണ് പക്ഷേ, പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത് കർണാടകയിലും. കത്തു കിട്ടാൻ കർണാടകയിൽ പോകണമെന്നതല്ല, ആനുകൂല്യങ്ങളും ഓൺലൈൻ അപേക്ഷകളും ആധാർ അപേക്ഷയും നൽകാനാകാതെ വലയുകയാണ് സംസ്ഥാന അതിർത്തി പ്രദേശമായ എൻമകജെ പഞ്ചായത്തിലെ 750 ഓളം കുടുംബങ്ങൾ. തപാൽ വകുപ്പ് ആധുനികവൽക്കരിച്ചതോടെയാണ് ഈ പ്രശ്നം. ഈ കുടുംബങ്ങളുടെ ഔദ്യോഗിക ആശയവിനിമയവും മുടങ്ങി.
ഇതോടെ സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആധികാരിക രേഖകളും ആനുകൂല്യങ്ങളും ഭൂരിഭാഗം കുടുംബങ്ങൾക്കും തടസ്സപ്പെടുകയാണ്. കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളായ അഡ്യനടുക്ക, സായ, ചവർക്കാട് എന്നീ സ്ഥലങ്ങളിലെ 750 കുടുംബങ്ങൾക്കാണ് ഈ പ്രശ്നം.
പോസ്റ്റൽ സംവിധാനം ആരംഭിച്ച കാലം മുതൽ അഡ്യനടുക്ക, സായ, ചവർക്കാട് പ്രദേശവാസികളുടെ പോസ്റ്റ് ഓഫിസ് അഡ്യനടുക്കയിലാണ്. എന്നാൽ ഈ പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്.
സായ, ചവർക്കാട് പ്രദേശത്തെ ജനങ്ങൾ ഇതുവരെ തപാൽ ആവശ്യങ്ങൾക്ക് ബന്ധപെട്ടിരുന്നത് അഡ്യനടുക്ക പോസ്റ്റ് ഓഫിസിനെയായിരുന്നു. എന്നാൽ, ഓൺലൈൻ അപേക്ഷകൾ നൽകുമ്പോൾ നിലവിലെ പിൻ നമ്പർ രേഖപ്പെടുത്തുമ്പോൾ കർണാടക എന്നാണ് കാണിക്കുക. മേൽവിലാസത്തിൽ എൻമകജെ കേരളം എന്ന് രേഖപ്പെടുത്തുമ്പോൾ തെറ്റായ വിലാസമെന്നാണ് സിസ്റ്റം പറയുക. അപേക്ഷയുമായി മുന്നോട്ടുപോകാൻ ഇതോടെ തടസ്സമാകും.
സർക്കാരിന്റെ രേഖകളും ആനുകൂല്യങ്ങളും ഇവിടെയുള്ളവർക്ക് ലഭിക്കണമെങ്കിൽ ഈ സ്ഥലങ്ങൾ കർണാടകയിൽ ചേർക്കുകയോ, പോസ്റ്റ്ഓഫിസ് കേരളത്തിലേക്ക് മാറ്റുകയോ ചെയ്യണം.പിൻകോഡ് പ്രശ്‌നം കാരണം ചില കുടുംബങ്ങൾക്ക് ആധാർ പോലും ലഭിച്ചിട്ടില്ല.
കൃഷി ഭവൻ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ ഒഴികെ വിദ്യാഭ്യാസം,ചികിത്സ എന്നിവയുൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും കർണാടകയിലെ അഡ്യനടുക്കയേയും വിട്ടളയേയുമാണ് ഇവിടത്തുകാർ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."