കുരുക്കഴിയാതെ പാക് രാഷ്ട്രീയം
ഇസ്‌ലാമാബാദ്: കുരുക്കില്‍ നിന്ന് കുരുക്കിലേക്ക് മുറുകി കൂടുതല്‍ സങ്കീര്‍ണമാവുകയാണ് പാക് രാഷ്ട്രീയം. കൂടുതല്‍ പ്രക്ഷുബ്ദ സാഹചര്യത്തിലേക്ക് പോകുകയാണെന്ന സൂചനകള്‍ നല്‍കുന്നതാണ് ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി.ടി.ഐയെ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം. രാജ്യവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാരിന്റെ നടപടി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിരോധനത്തിനൊരുങ്ങുന്നതെന്ന് വാര്‍ത്താവിനിമയ മന്ത്രി അത്താഉല്ല തരാര്‍ പറഞ്ഞു. അടുത്തിടെ പി.ടി.ഐയുമായും ഇമ്രാന്‍ ഖാനുമായും ബന്ധപ്പെട്ട കേസുകളില്‍ പാക് സുപ്രിംകോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായതിന് പിന്നാലെയാണ് പാക് മുസ്!ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍.
പി.ടി.ഐയെ നിരോധിക്കാനായി നിയമനടപടികള്‍ നീക്കിവരികയാണെന്നും പാര്‍ട്ടി നിരോധിക്കാനായി നിയമപോരാട്ടം നടത്തുമെന്നും അത്താഉല്ല തരാര്‍ പറഞ്ഞു. രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, കലാപത്തിന് പ്രേരിപ്പിച്ചു തുടങ്ങിയവയാണ് പി.ടി.ഐക്കെതിരായ പ്രധാന ആരോപണം. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 17ാം വകുപ്പുപ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാന്‍ ഭരണഘടന സര്‍ക്കാരിന് അനുവാദം നല്‍കുന്നുണ്ടെന്നും മന്ത്രി പറയുന്നു.
ഇമ്രാന്‍ ഖാനും ഭാര്യയ്ക്കുമെതിരായ വിവാഹക്കേസ് തള്ളി ഇരുവരെയും മോചിപ്പിക്കാന്‍ കഴിഞ്ഞദിവസമാണ് കോടതി ഉത്തരവിട്ടത്. കൂടാതെ സീറ്റുകളുടെ കാര്യത്തിലുള്ള കേസില്‍ പാക് സുപ്രിംകോടതി പി.ടി.ഐക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഈ രണ്ടുകേസുകളിലും പുനഃപരിശോധന ഹരജി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ നീക്കത്തില്‍ പി.ടി.ഐ പ്രതിഷേധിച്ചു. കോടതിയെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പുതിയ വഴി തേടുകയാണെന്ന് പി.ടി.ഐ വക്താവ് സയ്യിദ് സുല്‍ഫിക്കര്‍ ബുഖാരി പ്രതികരിച്ചു.
നീക്കത്തെ എതിര്‍ത്ത് പി.പി.പി
ഇമ്രാന്‍ ഖാന്റെ പി.ടി.ഐക്കും നേതാക്കള്‍ക്കുമെതിരായ പാക് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു പാര്‍ട്ടിയുടെ പിരിച്ചുവിടലിലേക്ക് നയിക്കരുതെന്ന് പി.പി.പി വക്താവ് ഹസന്‍ മുര്‍തസ പറഞ്ഞു. മുന്‍ പട്ടാള ഭരണാധികാരികളായ ജനറല്‍ മുഷര്‍റഫിനും സിയാഉല്‍ ഹഖിനുമാണ് ഭരണഘടനയിലെ ആറാംവകുപ്പ് ബാധകമായിട്ടുള്ളതെന്നും അത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ബാധകമല്ലെന്നും പി.പി.പി വിശദീകരിച്ചു.
ഖുറേശിക്കെതിരേ കുറ്റം ചുമത്തി
പി.ടി.ഐയെയും നേതാക്കളെയും പാക് സര്‍ക്കാര്‍ ലക്ഷ്യംവച്ചുവരുന്നതിനിടെ മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഷാ മഹ്!മൂദ് ഖുറേശിക്കെതിരേ മെയ് ഒമ്പതിലെ അക്രമസംഭവങ്ങളില്‍ കുറ്റംചുമത്തി.
കോട്ട് ലഖ്പത് ഭീകരവിരുദ്ധ കോടതിയുടെതാണ് നടപടി. കേസില്‍ അടുത്ത വാദംകേള്‍ക്കല്‍ ദിവസം നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഖുറേശിക്ക് നോട്ടിസയച്ചു.
ഇമ്രാനെതിരേ രാജ്യദ്രോഹക്കേസും?
ഇസ്!ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള പി.ടി.ഐ നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കേസെടുക്കാന്‍ പാക് സര്‍ക്കാരിന്റെ നീക്കം. ഇമ്രാന്‍ ഖാനെക്കൂടാതെ പാക് മുന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി, ദേശീയ അസംബ്ലി മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരേയാണ് കേസെടുക്കുക. വാര്‍ത്താ വിനിമയ മന്ത്രി അത്താഉല്ല തരാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഭരണഘടനയിലെ ആറാംവകുപ്പ് പ്രകാരമാകും നടപടി സ്വീകരിക്കുക.
കേസെടുക്കുന്നതോടെ ഇവരുടെ പാസ്‌പോര്‍ട്ടും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡും (സി.എന്‍.ഐ.സി കാര്‍ഡ്) പിടിച്ചെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാകിസ്താന് ഒരേയൊരു ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനായ ഇമ്രാന്‍ ഖാന്‍ 1996ലാണ് പാകിസ്താന്‍ തഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) രൂപീകരിച്ചത്. പി.ടി.ഐ നേതാവായി തെരഞ്ഞെടുപ്പിനെ നേരിട്ട് പ്രധാനമന്ത്രിയാവുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."