പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നാലു ബി.ജെ.പി നേതാക്കള്‍ റിമാന്‍ഡില്‍
കൊടുങ്ങല്ലൂര്‍: താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഭിത്തിയില്‍ പതിച്ചിരുന്ന ടൈലുകള്‍ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കേസില്‍ നാലു ബി.ജെ.പി നേതാക്കള്‍ പൊലിസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ ഇവരെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബി.ജെ.പി ജല്ലാ കമ്മിറ്റി മുന്‍ അംഗം കെ.പി ഉണ്ണികൃഷ്ണന്(48), ബി.ജെ.പി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ടി.ബി സജീവന്(52), യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.പി പ്രശാന്ത്(32), യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് അനീഷ് കാര്ത്തികേയന്(28) എന്നിവരാണ് റിമാന്റിലായത്.
2015 ജൂണ്‍ 21 നായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിലെ വാര്‍ഡുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ടു ചുമരുകളില്‍ പതിച്ചിരുന്ന ടൈലുകള്‍ ഇളകി വീഴുന്നുവെന്നും നവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്നുമാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തിയത്.
ആശുപത്രിയിലേക്കു തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ടൈല്‍സ് അടര്‍ത്തി മാറ്റുകയും മറ്റും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പൊലിസ് ബി.ജെ.പി നേതാക്കള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."