'ആസിഫ് മൊമന്റോ തരാനാണ് വന്നതെന്ന് അറിഞ്ഞില്ല, പേര് വിളിക്കാന്‍ വൈകിയപ്പോള്‍ അസ്വസ്ഥനായി'; വിശദീകരണവുമായി രമേശ് നാരായണന്- VIDEO
തിരുവനന്തപുരം: നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന് പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയരുന്നതനിടെ സംഭവത്തില്‍ പ്രതികരണവുമായി രമേശ് നാരായണന് രംഗത്ത്. ആസിഫലിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ആസിഫലിയാണ് മൊമെന്റോ തരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അനൗണ്സ്മെന്് ഞാന്‍ കേട്ടിട്ടില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. അപ്പോള്‍ ജയരാജ് അടുത്തുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
ജയരാജിന്റെ ചിത്രത്തിന്റെ ക്രൂവിനെ ആദരിച്ചപ്പോള്‍ എന്നെ വിളിക്കാത്തത്തില്‍ തനിക്കു വിഷമം തോന്നിയിരുന്നു.എന്ത് കൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. പോകാന്‍ നേരം എം.ടിയുടെ മകള്‍ അശ്വതിയോട് യാത്ര പറഞ്ഞപ്പോള്‍ ഈ കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് അശ്വതി ആങ്കറേ കൊണ്ട് അനൗണ്‍സ് ചെയ്യിപ്പിച്ചത്. അപ്പോഴും എന്റെ പേര് രാജേഷ് നാരായണന് എന്നാണ് അനൗണ്‍സ് ചെയ്തതെന്നും രമേഷ് നാരായണ്‍ പറഞ്ഞു.
എനിക്ക് വലിപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയിലായിരുന്നില്ല നിന്നത്. വേദിയിലാണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസ്സിലാകുമായിരുന്നു. ഞാന്‍ നിന്നത് താഴെയായിരുന്നു. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ മാപ്പു ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലര് ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. സീരീസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച രമേശ് നാരായണന് പുരസ്കാരം കൈമാറാനായി ആസിഫ് അലി എത്തിയപ്പോള്‍ വലിയ താല്പര്യത്തോടെയല്ലാതെ രമേശ് നാരായണന് ആസിഫില്‍ നിന്നും പുരസ്കാരം വാങ്ങിക്കുന്നതും അദ്ദേഹത്തോട് പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നല്കാന് പോലും അദ്ദേഹം വിസമ്മതിച്ചു. ശേഷം സംവിധായകന് ജയരാജിനെ വേദിയിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്കാരം വച്ച് കൊടുത്ത ശേഷം അത് തനിക്ക് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
സദസിന് നേരെ തിരിച്ചു വച്ച് ഔദ്യോഗികമായ രീതിയിലാണ് രമേശ് നാരായണ്‍ പുരസ്കാരം കൈപ്പറ്റിയത്. ശേഷം പുരസ്കാരവുമായി ജയരാജനുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. വളരെ മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."