തസ്തിക നിര്‍ണയം; പുറത്താകാന്‍ ഇടയുള്ള അധ്യാപകരുടെ ശമ്പളകാര്യത്തില്‍ തീരുമാനമായില്ല
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണയം ഏറെക്കുറേ പൂര്‍ത്തിയായെങ്കിലും ഈ വര്‍ഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ കാര്യത്തില്‍ തീരുമാനമായില്ല. കഴിഞ്ഞ വര്‍ഷത്തെ തസ്തിക നിര്‍ണയരീതി ഈ വര്‍ഷവും തുടരണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവാണ് ജില്ലാതല വിദ്യാഭ്യാസ ഓഫിസര്‍മാരെയും പ്രധാനാധ്യാപരേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ഇത്തവണ അധ്യായനം ആരംഭിച്ച് ആറാം പ്രവൃത്തിദിനത്തില്‍ നടന്ന തലയെണ്ണല്‍ അനുസരിച്ചുള്ള വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ചാണ് സ്‌കൂളുകളില്‍ എത്ര അധ്യാപകര്‍ വേണമെന്ന് തീരുമാനിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമപ്രകാരം ജൂലൈ 15നകം വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടക്കാത്തതിനാല്‍ എത്ര അധ്യാപകര്‍ പുറത്താകുമെന്നും എത്ര സ്‌കൂളുകളിലാണ് അധിക തസ്തിക വേണ്ടതെന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ചുള്ള തസ്തിക നിര്‍ണയമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്നത്.
ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 1:30, ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 1: 35, ഒന്‍പത്, പത്ത് ക്ലാസുകളില്‍ 1: 45 എന്നിങ്ങനെ അനുപാതത്തിലാണ് സംസ്ഥാനത്ത് അധ്യാപക വിന്യാസം നടക്കുന്നത്. ഇതുപ്രകാരം തസ്തിക നിര്‍ണയം പൂര്‍ത്തിയായാല്‍ 2000 ത്തിലധികം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. ഇവരാണ് കൃത്യമായ സര്‍ക്കാര്‍ തീരുമാനം ലഭിക്കാത്തതിനാല്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളുകളില്‍ തുടരുന്നത്.
ഒരോ മാസവും അവസാന ദിവസങ്ങളിലാണ് അധ്യാപകരുടെ എണ്ണം കണക്കാക്കി പ്രധാനാധ്യാപകര്‍ ട്രഷറികളില്‍ ശമ്പള ബില്‍ സമര്‍പ്പിക്കാറുള്ളത്. ഇതുപ്രകാരം രണ്ടാം തിയതി ശമ്പള വിതരണം നടക്കും. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ തങ്ങള്‍ക്ക് കൃത്യമായ ശമ്പളത്തിന് അര്‍ഹതയമുണ്ടെന്നാണ് പുറത്താകാന്‍ ഇടയുള്ള അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണം അനുസരിച്ച് ഇല്ലാത്ത തസ്തികയുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് ജില്ലാതല വിദ്യാഭ്യാസ ഓഫിസര്‍മാരും നിലപാട് എടുത്തതോടെയാണ് പ്രധാനാധ്യാപകര്‍ വെട്ടിലായിരിക്കുന്നത്. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തിയിട്ടില്ലെങ്കിലും പുറത്താകാന്‍ ഇടയുള്ള അധ്യാപകര്‍ക്ക് ശമ്പളം നല്‍കരുതെന്ന് പല വിദ്യാഭ്യാസ ഓഫിസര്‍മാരും പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജൂലൈ 15ന് ശേഷം പുറത്താകാനിടയുള്ള അധ്യാപകരുടെ ശമ്പളം തടഞ്ഞിരിക്കുകയാണ്. ഈ മാസം തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമെന്ന് കരുതി പുറത്താകാനിടയുള്ള അധ്യാപകര്‍ക്ക് ജൂലൈ മാസത്തില്‍ മുഴുവന്‍ ശമ്പള വിതരണം നടത്തിയ പല പ്രിന്‍സിപ്പല്‍മാരും സര്‍ക്കാര്‍ തീരുമാനം അറിയാത്തതിനെ തുടര്‍ന്ന് ഈ മാസം മുതല്‍ ശമ്പളം നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."