അപകടാവസ്ഥയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കിത്തുടങ്ങി
വാടാനപ്പള്ളി: ദേശീയപാതയോരത്ത് തളിക്കുളം പുതുക്കുളങ്ങരയില്‍ അപകടാവസ്ഥയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കുന്ന നടപടികള്‍ക്കു തുടക്കമായി. ഗീതാഗോപി എം.എല്‍.എ, തളിക്കുളം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാജന്, ഷിജിത്ത് വടക്കുഞ്ചേരി, വാടാനപ്പള്ളി എസ്.ഐ ഡി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. ദേശിയപാതയോരത്ത് 40 വര്‍ഷത്തിലധികം പഴക്കമുള്ള വാട്ടര്‍ ടാങ്ക് കാലപ്പഴക്കം കൊണ്ടു പല ഭാഗത്തു നിന്നും കോണ്ക്രീറ്റുകള് അടര്‍ന്നു വീണ് ഏതുസമയത്തും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എട്ടു വര്‍ഷം മുന്‍പ് നാട്ടുകാര്‍ മണപ്പുറം ജനകീയ വേദി എന്ന സംഘടന രൂപീകരിച്ചു സമരം ചെയ്യുകയും തുടര്‍ന്ന് ടാങ്ക് പൊളിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുക കുറവായതിനാല്‍ ആരും കരാര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് സമരം ശക്തമായതോടെ വീണ്ടും ക്വട്ടേഷന്‍ വിളിച്ച് കരാര്‍ തുക മൂന്നു ലക്ഷമായി ഉയര്‍ത്തിയതോടെ തളിക്കുളം സ്വദേശി കരാര്‍ എടുക്കുകയായിരുന്നു. ഇതോടെ ടാങ്ക് പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. ടാങ്ക് പൊളിച്ചതിനു ശേഷം പകരം പുളിയംതുരുത്തില്‍ ചെറിയ ടാങ്ക് സ്ഥാപിച്ചു പുതുക്കുളത്തെ കിണറില്‍ നിന്നു കുടിവെള്ളം ഉടന്‍ വിതരണം ചെയ്യും.
ഉപ്പുവെള്ള ഭീഷണിയുള്ള വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ നടുവില്‍ക്കര പൊക്കാഞ്ചേരി പ്രദേശങ്ങളിലേക്കും പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ട്. പുതുക്കുളത്തിനു പുറമേ വലപ്പാട് ചന്തപ്പടി, നാട്ടിക ഫിഷറീസ് സ്കൂളിനു സമീപത്തെ മറ്റു രണ്ട് പഴയ ടാങ്കുകളും പൊളിച്ചു നീക്കുന്നുണ്ട്. തളിക്കുളം സെന്ററില്‍ നിലവിലുളള ടാങ്ക് നിലനിര്‍ത്തി പ്രാദേശിക തലത്തില്‍ കുടിവെള്ള വിതരണം നടത്തുമെന്നും നെതര്‍ലാന്റ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കുകയെന്നും ഗീതാഗോപി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."