കുടിവെള്ളത്തിന് ഊന്നല്‍ നല്കി പാവറട്ടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍
പാവറട്ടി: കുടിവെള്ളത്തിനും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്കി പാവറട്ടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. എല്ലാ വീടുകളിലും പൈപ്പ് കണക്ഷന് നടപ്പാക്കിയും പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂനിറ്റ് നിര്‍മിച്ചും മാലിന്യ സംസ്കരണം നടത്തുന്നതിനു പ്രാധാന്യം നല്‍കിക്കൊണ്ടാണ് പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിനായി 10 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 20 ലക്ഷം രൂപയുമാണു വകയിരുത്തിയിട്ടുള്ളത്. തിരദേശ ടൂറിസം, ഗതാഗതപ്രശ്ന പരിഹാരം, പാവറട്ടി സെന്റര്‍ റോഡ് വികസനം തുടങ്ങിയവയാണ് മറ്റു പ്രധാന പദ്ധതികള്‍. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി കാദര്മോന് അധ്യക്ഷനായി. 3.78 കോടി രൂപ അടങ്കല്‍ തുക വകയിരുത്തിയ വികസന പദ്ധതി രേഖ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അബു വടക്കയില്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മിനി ലിയോ, ജില്ലാ പഞ്ചായത്തംഗം ഹസീന താജുദ്ദീന്, ബ്ലോക്ക് മെമ്പര്‍മാരായ മേരി ജോയ്, മീന ഗിരീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ഇ.കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."