എന്‍.ഇ.ആര്‍.പി ഫോമുകള്‍ ലഭിച്ചില്ല; വോട്ടര്‍പട്ടിക ശുദ്ധീകരണം മുടങ്ങി
കോഴിക്കോട്: രാജ്യത്തുടനീളമുള്ള വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ ഈ മാസം 24 മുതല്‍ നടക്കേണ്ട എന്‍.ഇ.ആര്‍.പി പ്രോഗ്രാം ഇനിയും ആരംഭിക്കാനായില്ല. ഇതിന് ആവശ്യമായ ഫോമുകള്‍ പലയിടങ്ങളിലും ബി.എല്‍.ഒമാര്‍ക്ക് ലഭിച്ചിട്ടില്ല.
കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഓഗസ്റ്റ് 16നു വിളിച്ചു ചേര്‍ത്ത ബി.എല്‍.ഒമാരുടെ യോഗത്തിലായിരുന്നു ഇതിനുളള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ 24 മുതല്‍ ജോലി ആരംഭിക്കേണ്ടിയിരുന്നുവെങ്കിലുംഫോം ലഭിക്കാത്തതിനാല്‍ പല മണ്ഡലങ്ങളിലും ഇത് മുടങ്ങിക്കിടക്കുകയാണ്.
കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ( ബി.എല്‍.ഒ) ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇതിന്റെ ഭാഗമായുളള പരിശീലന പരിപാടി നല്‍കിയിരുന്നു.
ഓഗസ്റ്റ് ഒന്നിനും ഏഴിനുമിടയില്‍ വീടുകള്‍ കയറിയിറങ്ങി മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും പട്ടികയില്‍നിന്ന് നീക്കം ചെയ്യാനായിരുന്നു ബി.എല്‍.ഒമാരോട് നിര്‍ദേശിച്ചിരുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കാന്‍ പ്രത്യേകം രജിസ്റ്റര്‍ ബുക്കും നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും നാലുദിവസത്തെ ഡ്യൂട്ടി ലീവും അനുവദിച്ചിരുന്നു. ഇതനുസരിച്ച് പല ബി.എല്‍.ഒമാരും നേരത്തെ തന്നെജോലി തുടങ്ങിയിരുന്നു. എന്നാല്‍ ശുദ്ധീകരണ പരിപാടി മാറ്റിവച്ചതായി മൊബൈല്‍ വഴി സന്ദേശം കൊടുക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കുശേഷം വീണ്ടും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുതിയ ചില നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ആദ്യ തീരുമാനപ്രകാരം വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്യേണ്ടവരുടെ വീടുകളില്‍ മാത്രമേ പോകേണ്ടിയിരുന്നുളളൂ.
എന്നാല്‍ ഇക്കഴിഞ്ഞ 16ന് വിളിച്ച യോഗത്തിലെ തീരുമാനപ്രകാരം ബി.എല്‍.ഒ മാര്‍ തങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ബൂത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് നിശ്ചിതഫോമില്‍ വിവരങ്ങള്‍ ശേഖരിക്കണം. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 23 വരെയുളള ഒരു മാസക്കാലമാണ് ഇതിന് കാലാവധി. 2017 ജനവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാവുന്ന മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്യൂമറേഷന്‍ ജോലി തുടങ്ങാനുളള തിയതി ഈ മാസം 24നാണെങ്കിലും കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇതിനുളള നിശ്ചിത ഫോമുകള്‍ ഇനിയും എത്തിയിട്ടില്ല.
ബി.എല്‍.ഒമാരില്‍ അധികപേരും അധ്യാപകരായതിനാല്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് ജോലി പൂര്‍ത്തിയാക്കാന്‍ പ്രയാസമായിരിക്കും. കാരണം ഈ ജോലിക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. സ്‌കൂളില്‍ പാദവാര്‍ഷിക പരീക്ഷ ആരംഭിക്കാനിരിക്കയാണ്. പരീക്ഷ കഴിഞ്ഞ ഉടനെ മൂല്യനിര്‍ണയത്തിനും സമയം കണ്ടെത്തണം. ഓണവും പെരുന്നാളും കഴിഞ്ഞേ ഇനി എന്യൂമറേഷന്‍ ജേലി തുടങ്ങാനും സാധിക്കൂ.
2017ഓടു കൂടി രാജ്യത്തെ വോട്ടര്‍ പട്ടിക പൂര്‍ണമായും കുറ്റമറ്റതാക്കി ശുദ്ധീകരിക്കുക എന്നതാണ് നാഷനല്‍ ഇലക്ടറല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ ( എന്‍.ഇ.ആര്‍. പി) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതികൊണ്ട് ഇലക്ഷന്‍ കമ്മിഷന്‍ ലക്ഷ്യമിടുന്നത്. 'നോ വോട്ടര്‍ ലെഫ്റ്റ് ബിഹൈന്‍ഡ് 'അഥവാ ഒരു വോട്ടറും പട്ടികയില്‍ നിന്നു ഒഴിവായിപ്പോകരുത് എന്നതാണ് കമ്മിഷന്റെ പ്രഖ്യാപിത ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."