മൂന്ന് മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി, പുഴയിലെറിഞ്ഞു കൊന്നു; ഗോരക്ഷാ ഭീകരരുടെ ആള്‍ക്കൂട്ടക്കൊല പൊലിസിന്റെ കുറ്റപത്രത്തില്‍ 'ആത്മഹത്യ'
റായ്പൂര്‍: മൂന്ന് മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി. അവരെ പുഴയിലേക്ക വലിച്ചെറിഞ്ഞു. ഗോരക്ഷാ ഭീകരരുടെ ആള്‍ക്കൂട്ടക്കൊല പക്ഷേ പൊലിസിന്റെ കുറ്റപത്രത്തില്‍ വന്നത് ആത്മഹത്യയെന്ന്. ഛത്തിസ്ഗഢ് പൊലിസിന്റേതാണ് ഈ മാന്ത്രിക കുറ്റപത്രം. പശുക്കടത്ത് ആരോപിച്ചാണ്മൂന്ന് മുസ്‌ലിം യുവാക്കളെ തീവ്രഹിന്ദുത്വവാദികള്‍ മര്‍ദിച്ചവശരാക്കിയ ശേഷം പുഴയിലെറിഞ്ഞ് കൊന്നത്. സംഭവം അന്വേഷിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) ആണ് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകം ആത്മഹത്യയാക്കി അവതരിപ്പിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിപ്പിക്കുകയായിരുന്നു.
യു.പിയിലെ സഹാറന്‍പൂര്‍ സ്വദേശികളായ ഗുഡ്ഡു ഖാന്‍ എന്ന മുഹമ്മദ് തഹ്‌സിന്‍ (35), ചന്ദ് മിയ (33), സദ്ദാം ഖുറേഷി എന്നിവര്‍ കഴിഞ്ഞമാസമാണ് കൊല്ലപ്പെട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യ (304), കൊലപാതക ശ്രമം (307) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. കേസില്‍ അഞ്ചുപ്രതികളാണുള്ളത്. മൂന്നുപേരും സഞ്ചരിച്ച ട്രക്കിനെ അക്രമികള്‍ പിന്തുടര്‍ന്നതോടെ പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് ഈ മാസം എട്ടിന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
കഴിഞ്ഞമാസം എട്ടിനാണ് സംഭവം. കന്നുകാലി വ്യാപാരികളായ മൂന്നുപേരും ട്രക്കില്‍ ഒഡിഷയില്‍നിന്ന് സഹാറന്‍പൂരിലേക്ക് പോത്തുകളുമായി കൊണ്ടുപോകുന്നതിനിടെയാണ് ഛത്തിസ്ഗഡില്‍വച്ച് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 2.20ഓടെ അറാങ്ക് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മഹാനദി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലാണ് സംഭവം. 20 ഓളം വരുന്ന അക്രമിസംഘം ഇവര്‍ സഞ്ചരിച്ച ട്രക്ക് പാലത്തില്‍വച്ച് തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനൊടുവില്‍ ഇവരെ പുഴയിലേക്ക് എടുത്തെറിയുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സദ്ദാം ഖുറേഷി ഒരാഴ്ച കഴിഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു. കന്നുകാലികളെ കൊണ്ടുപോകാനും വ്യാപാരം നടത്താനുമുള്ള ലൈസന്‍സുള്ള ഗുഡ്ഡു ഖാന്‍, അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവന്ന് വില്‍പന നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
ഇവരുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിപ്രകാരമാണ് പൊലിസ് കേസെടുത്തത്. ഗോരക്ഷാ ഗുണ്ടാ സംഘം മര്‍ദിക്കുന്ന സമയത്ത് ഗുഡ്ഡു ഖാന്‍ ബന്ധുവിനെ ഫോണില്‍വിളിച്ച് സഹായം തേടുന്ന കോള്‍ റെക്കോഡ് സഹിതമാണ് പരാതി നല്‍കിയിരുന്നത്. സദ്ദാം ഖുറേഷിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തെ തുടര്‍ന്നുള്ള പരുക്കുകളാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കേസില്‍ നിന്ന് വധശ്രമം സംബന്ധിച്ച വകുപ്പ് നീക്കം ചെയ്യാനുള്ള കാരണമായി പൊലിസ് പറയുന്നത്.
സംഭവത്തെ ആത്മഹത്യ നിലക്കാണ് ദേശീയ മാധ്യമങ്ങളും അവതരിപ്പിച്ചത്. ഭയന്ന് പുഴയിലേക്ക് ചാടുകയായിരുന്നു യുവാക്കളെന്നും അവരെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും ഒരു പ്രമുഖ ദേശിയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 54 കിലോ മീറ്ററോളം അവരെ മൂന്നു കാറുകള്‍ പിന്തുടര്‍ന്നുവെന്നും ഭയന്ന യുവാക്കള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നുമുള്ള കുറ്റപത്രം ശരിവക്കുന്ന രീതിയിലുള്ളതാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."