അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു; ട്രക്ക് ഉണ്ടെന്ന് സംശയിക്കുന്ന പ്രദേശം കണ്ടെത്തി
അങ്കോള: അങ്കോളയിലെ മണ്ണിടിച്ചിലില്‍പ്പെട്ടെന്ന് കരുതുന്ന അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുന്നു. രാത്രിയും ദൗത്യം തുടരും. ഇന്നു രാത്രി തന്നെ കണ്ടെത്താന്‍ തീവ്രശ്രമം നടക്കുകയാണ്. കണ്ടെത്തിയാല്‍ ഉടന്‍ മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആംബുലന്‍സുകളും തയ്യാറാണ്.
രണ്ടാംഘട്ട റഡാര്‍ പരിശോധനയില്‍ ട്രക്ക് ഉണ്ടെന്നു കരുതുന്ന പ്രദേശം കണ്ടെത്തി. മണ്ണിനടിയില്‍ ഉണ്ടാവാന്‍ 60 ശതമാനം സാധ്യതയെന്ന് അധികൃതര്‍. ഇവിടെ മണ്ണു നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തി വീണ്ടും ഇടവിട്ട് ശക്താമായ മഴ പെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് വ്യക്തമാക്കിയ കുമാരസ്വാമി രാഷ്ട്രീയ ആരോപണം ഉന്നയിക്കാന്‍ ഇല്ലെന്നും പറഞ്ഞു. രക്ഷാദൗത്യം വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അര്‍ജുന്‍ മണ്ണിനടിയില്‍പ്പെട്ട് അഞ്ചാം ദിവസത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. എന്നാല്‍ പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം തുടര്‍ന്നിരുന്നു. എന്നാല്‍ മഴ അതിശക്തമായതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ ഇന്നലെ അറിയിക്കുകയായിരുന്നു.
16ന് രാവിലെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്നാണ് നിഗമനം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."