വെള്ളിത്തിളക്കത്തില്‍ യോഗേശ്വര്‍
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ മൊത്തം വെള്ളി മെഡലുകളുടെ പട്ടികയിലേക്ക് നാലു വര്‍ഷത്തിനു ശേഷം ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ പേരിലുള്ള വെള്ളിയും. റഷ്യന്‍ താരം ബെസിക് കുദുക്കോവ് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടിയ യോഗേശ്വറിന്റെ നേട്ടം വെള്ളിയിലേക്ക് മാറിയത്.
അന്നു വെള്ളി നേടിയ കുദുക്കോവ് മൂന്നു വര്‍ഷം മുന്‍പ് 27ാം വയസ്സില്‍ ജീവിതത്തില്‍ നിന്നു തന്നെ വിട പറഞ്ഞെങ്കിലും റിയോ ഒളിംപിക്‌സിനു മുന്നോടിയായി കുദുക്കോവിന്റെ സാംപിളുകളും പരിശോധിച്ചതില്‍ നിന്നാണ് മരുന്നടി കണ്ടെത്തിയത്.
ഒളിംപിക്‌സിലെ ഇന്ത്യയുടെ മൊത്തം വെള്ളി നേട്ടം ഇതോടെ എട്ടായി മാറി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നാലു വെങ്കലവും രണ്ടു വെള്ളിയുമായിരുന്നു ഇന്ത്യയുടെ നേട്ടം. ഈ കണക്ക് മൂന്നു വീതം വെള്ളിയും വെങ്കലവും എന്നും തിരുത്തപ്പെടും.
വെങ്കല നേട്ടം വെള്ളിയായി മാറിയതില്‍ സന്തോഷമുണ്ടെന്നു പ്രതികരിച്ച യോഗേശ്വര്‍ നേട്ടം രാജ്യത്തിനു സമര്‍പ്പിക്കുന്നതായും തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
റിയോ ഒളിംപിക്‌സിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കുദുക്കോവിന്റെ സാംപിളുകളില്‍ നിരോധിത ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐ.ഒ.സി അറിയിച്ചു. തുടര്‍ന്ന് റഷ്യന്‍ താരത്തെ അയോഗ്യനാക്കിയതായും യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ നേട്ടം വെള്ളിയിലേക്ക് ഉയര്‍ത്തിയതായും ഐ.ഒ.സി വ്യക്തമാക്കി. ഇതോടെ സുശീല്‍ കുമാറിനു ശേഷം ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനും യോഗേശ്വറിന് സാധിച്ചു.
കുദുക്കോവടക്കം അഞ്ചു താരങ്ങളാണ് പുനഃപരിശോധനയില്‍ മരുന്നടിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഉസ്‌ബെക്കിസ്ഥാന്റെ മികച്ച താരം ആര്‍തര്‍ തായ്മാസോവുമുണ്ട്. ലണ്ടന്‍ ഒളിംപിക്‌സിനിടെ ശേഖരിച്ച സാംപിളുകളാണ് ഇപ്പോള്‍ പുനഃപരിശോധന നടത്തിയത്.
നേരത്തെ ഗുസ്തി പ്രീ ക്വാര്‍ട്ടറില്‍ കുദുക്കോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ പിന്നീട് റെപ്പഷാഗെയിലൂടെയാണ് വെങ്കല മെഡല്‍ നേടിയത്. എന്നാല്‍ റിയോ ഒളിംപിക്‌സില്‍ താരത്തിനു മികവിലേക്കുയരാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."