മണ്ണിനുള്ളിലെ പ്രാണനായി പ്രാര്‍ഥനയാല്‍ പൊള്ളിപ്പിടയുന്ന നെഞ്ചുമായി കുടുംബം; പ്രതീക്ഷ കൈവിടാതെ തെരച്ചില്‍, രക്ഷാദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയും
അങ്കോള: ഉത്തര കന്നഡയിലെ അങ്കോള ഷിരൂരില്‍ കുന്നിടിഞ്ഞ് ലോറിയടക്കം ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് 120 മണിക്കൂര്‍ പിന്നിടുന്നു. കോഴിക്കോട് കണ്ണാടിക്കലിലെ കുടുംബത്തിനൊപ്പം കേരളവും ശുഭവാര്‍ത്തയ്ക്കായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. നേരത്തെ ഇഴഞ്ഞു നീങ്ങിയ രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ കുറച്ചു കൂടി ഊര്‍ജ്ജിതമായതായാണ് റിപ്പോര്‍ട്ട്. അതേസമയം കനത്ത മഴ പെയ്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സൈന്യം ഉടന്‍ എത്തും. ഐ.എസ്.ആര്‍.ഒയും രക്ഷാ ദൗത്യത്തില്‍ പങ്കാളിയാവും.
മണ്ണിനടിയില്‍ ലോറിയുടേതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്കിടെയാണ് ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം നിര്‍ണായഘട്ടത്തിലായെങ്കിലും രാത്രിയില്‍ നിര്‍ത്തിവച്ചത് തിരിച്ചടിയായിട്ടുണ്ട്. രാത്രി ഒന്‍പതു മണിയോടെ കര്‍ണാടക ചീഫ് സെക്രട്ടറിയും ഐ.ജി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. സ്വയം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മലയാളിയായ രഞ്ജിത്ത് ഇസ്രായേലുമായും സംഘം കൂടിയാലോയന നടത്തി.
രണ്ടാംഘട്ട റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ കിട്ടിയത്. സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ തുടര്‍ന്നുവന്നെങ്കിലും ഇരുട്ടും കാറ്റും മഴയും കാരണം രാത്രി എട്ടുമണിയോടെ തെരച്ചില്‍ നിര്‍ത്തി. മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ ചായക്കടയുണ്ടായിരുന്ന ഭാഗത്താണ് റഡാര്‍ സിഗ്‌നല്‍ ലഭ്യമായത്. 70ശതമാനം യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണെടുത്ത് പരിശോധന നടത്തി. സിഗ്‌നല്‍ ലഭിച്ചസ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്. അര്‍ജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്നലെ അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടന്നത്. സൂറത്കല്‍ എന്‍.ഐ.ടിയില്‍നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. നേരത്തെ റഡാറില്‍ മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ സിഗ്‌നല്‍ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദര്‍ശിക്കും. എഴുപതോളം രക്ഷാപ്രവര്‍ത്തകരാണ് സംഭവസ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം മണ്ണിടിച്ചിലില്‍ കൂടുതല്‍പേര്‍ മണ്ണിനടിയിലെന്ന് സംശയമുണ്ട്. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ശരവണന്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. ശരവണന്റെ ലോറി അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹുഗ്ലിയില്‍നിന്ന് മംഗളൂരുവിലേക്ക് ലോറിയുമായി എത്തിയതാണ് ശരവണന്‍. അപകട ദിവസം രാവിലെ ഏഴിന് മണിക്ക് ശരവണന്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. ശരവണനെ ഇനിയും കണ്ടെത്താനായില്ല. അതേസമയം രാത്രി തിരച്ചില്‍ നിര്‍ത്തിവച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ അര്‍ജുന്റ ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. 16ന് രാവിലെ എട്ടേ മുക്കാലിനാണ് കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്നതിനിടെ പന്‍വേല്‍ കന്യാകുമാരി ദേശീയപാതയില്‍ അര്‍ജുന്‍ ഓടിച്ച ലോറിയിലേക്ക് കുന്നിടിച്ച് വീണത്. അപകടത്തില്‍ മരിച്ച 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."