സഊദിയിൽ ഹൈവേയിൽ കാർ ഡിവൈഡറിലിടിച്ച് തൃശൂർ സ്വദേശി മരിച്ചു
ദമാം: കിഴക്കൻ സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമാം – ജുബൈൽ ഹൈവെയിൽ കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. ദമാം-ജുബൈൽ ഹൈവെയിൽ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം. സഊദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരായിരുന്നു.
സുഹൃത്ത് സുരേഷുമൊന്നിച്ച് ദമാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അഞ്ചുവർഷത്തിലേറെയായി സഊദി ഇൻഡസ്ട്രിയൽ ഏരിയായ ‘മഅദനി’ലുള്ള നീയോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് നേരത്തെ ഖത്തർ കെമിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടി പുരോഗമിക്കുകയാണ്. അപകടവിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമാമിൽ എത്തിയിട്ടുണ്ട്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."