ബി.ആര്.സി കളില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങി
കാസര്‍കോട്: സര്‍വശിക്ഷാ അഭിയാനില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. ബി.ആര്.സികളില്‍ ഓഫിസ് അസിസ്റ്റന്റുമാരായി ജോലി ചെയ്തുവരുന്നവര്‍ ഒന്നാം തിയതി മുതല്‍ വരേണ്ടതില്ലെന്നാണ് നിര്‍ദേശം. ഫോണിലൂടെയാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചത്. ജില്ലയിലെ ഏഴു ബി.ആര്.സികളില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ചുമതല വഹിക്കുന്നവര്‍ക്ക് ഇന്നലെയാണ് എസ്.എസ്.എ ജില്ലാ പ്രോജക്റ്റ് ഓഫിസറുടെ സന്ദേശമെത്തിയത്. ഭരണമാറ്റമുണ്ടായാല്‍ എസ്.എസ്.എ സംവിധാനം അടിമുടി മാറുക പതിവാണ്. എന്നാല്‍ അഞ്ചുവര്‍ഷം സര്വശിക്ഷാഅഭിയാനു വേണ്ടി അക്ഷീണം പ്രയത്നിച്ച ജീവനക്കാരെ പെട്ടന്ന് ഫോണ്‍ സന്ദേശത്തിലൂടെ പിരിച്ചുവിടുന്ന രീതി ശരിയല്ലെന്ന ആക്ഷേപം ഉയരുകയാണിപ്പോള്‍. അക്കൗണ്ടന്റ്, എം.ഐ.സി കോഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ബി.ആര്.സികളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ശേഷിക്കുന്നവരെക്കൂടി വരും ദിവസങ്ങളില്‍ പിരിച്ചുവിടുമെന്നാണ് സൂചന. എല്ലാവരെയും ഒരുമിച്ചു പിരിച്ചുവിടുമ്പോഴുള്ള വിവാദം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഘട്ടംഘട്ടമായുള്ള പിരിച്ചുവിടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."