ദുബൈ: ഭവന പദ്ധതികളുടെ നിരീക്ഷണത്തിന് എ.ഐ ഡ്രോണുകള്‍
ദുബൈ: വര്‍ക് പ്ലാനുകള്‍, ടൈം ലൈനുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ദുബൈയിലെ റസിഡന്‍ഷ്യല്‍, ഹൗസിങ് പ്രൊജക്ട് സൈറ്റുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഡ്രോണുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്ന് മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്‌മെന്റ് (എം.ബി.ആര്‍.എച്ച്.ഇ) അധികൃതര്‍ അറിയിച്ചു.
ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വീടുകളുടെയും സ്വത്തുക്കളുടെയും സംരക്ഷണവും അറ്റകുറ്റപ്പണികളും ചെയ്യുന്നതിനപ്പുറം നിരീക്ഷണത്തിലേക്കും വ്യാപിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
നഗ്‌ന നേത്രങ്ങള്‍ക്ക് ദൃശ്യമാവാത്ത നാശനഷ്ടങ്ങള്‍, ഉയര്‍ന്ന ശ്രദ്ധയോടും ഫലപ്രാപ്തിയോടും കൂടി, പ്രത്യേകിച്ചും ജലച്ചോര്‍ച്ച, ഇന്‍സുലേഷന്‍ തകരാറുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ ഡ്രോണുകള്‍ക്ക് കഴിയും. നൂതനവും ഉയര്‍ന്ന റെസല്യൂഷനുള്ളതുമായ ഇമേജിംഗ് സാങ്കേതിക വിദ്യകളും എ.ഐ അടിസ്ഥാനമാക്കിയുള്ള ഇമേജ്, ഡാറ്റ വിശകലനവും ഉപയോഗിച്ച് ഡ്രോണുകള്‍ കൃത്യമായ ശുപാര്‍ശകള്‍ നല്‍കുന്നു. സുരക്ഷിതവും സുസ്ഥിരവുമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുമ്പോള്‍ സമയവും പരിശ്രമവും ലാഭിക്കാനുമാകുന്നുവെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും എമിറേറ്റിലെ ഭവന സംവിധാനം ഉയര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് എം.ബി.ആര്‍.എച്ച്.ഇ എഞ്ചിനീയറിംഗ് പ്രോജക്ട്‌സ് ഡിപാര്‍ട്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അല്‍ ഷിഹ്ഹി പറഞ്ഞു.മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പന ചെയ്ത ഡ്രോണ്‍ എ.ഐ സൊല്യൂഷനുകള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ പ്രമുഖ ആഗോള കമ്പനികളുമായി സഹകരിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
ഡ്രോണ്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും പ്രൊജക്റ്റ് ഡാറ്റ ഫലപ്രദമായി വിശകലനം ചെയ്യാനും പ്രാപ്തമാക്കുന്നതിന് എം.ബി.ആര്‍.എച്ച്.ഇ ഇന്‍ ഹൗസ് ഓപറേറ്റര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്. ദുബൈയിലെ യു.എ.ഇ പൗരന്മാരുടെ വീടുകള്‍ക്കും, വീട്ടുസംബന്ധമായ സേവനങ്ങള്‍ക്കും ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് എം.ബി.ആര്‍.എച്ച്.ഇ. റെസിഡന്‍ഷ്യല്‍ പ്‌ളോട്ടുകള്‍ അനുവദിക്കുക, സര്‍ക്കാര്‍ വീടുകള്‍ വിതരണം ചെയ്യുക, നിലവിലുള്ള വസ്തു വകകള്‍ പരിപാലിക്കുകയും വിപുലീകരിക്കുകയും ചെയ്യുക എന്നിവ ഇതിന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമനുസൃതമായി ഭവന വായ്പയും എം.ബി.ആര്‍.എച്ച്.ഇ വാഗ്ദാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."