കണ്ണീര്‍ പുഴയായി ചാലിയാര്‍; ഒഴുകിയെത്തിയത് പിഞ്ചു കുഞ്ഞിന്റേത് ഉള്‍പെടെ 20 ഓളം മൃതദേഹങ്ങള്‍
അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍ പുഴയായി ചാലിയാര്‍. 20 ഓളം മൃതദേഹങ്ങളാണ് ചാലിയാറില്‍ ഒഴുകിയെത്തിയത്. മൂന്ന് വയസുകാരന്റെ ഉള്‍പ്പെടെ ജീവനറ്റ വിറങ്ങലിച്ച ദേഹങ്ങള്‍. കയ്യും കാലും തലയും ഉള്‍പ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍. ശരീരാവശിഷ്ടങ്ങള്‍... പുലര്‍ച്ചെ നാലുമണിയോടെയാണ് വയനാട് മേപ്പടി മുണ്ടക്കൈ, ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
നിരവധി പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു, മണ്ണിലും ചെളിയും അകപ്പെട്ടവരുടെ എണ്ണം ചെറുതല്ല. ദുരന്ത മേഖലയില്‍ നിന്ന് കിലോ മീറ്ററുകള്‍ അകലെയാണ് ചാലിയാര്‍ പുഴ. ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും ചെളിയും കൂടികലര്‍ന്നെത്തിയ വെള്ളം പുഴയായി രൂപം കൊണ്ടു. ഈ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴ തീരത്ത് വന്നെത്തുകയായിരന്നു. 20ഓളം മൃതദേഹങ്ങളാണ് ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്.
പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് പുറമെ മുണ്ടേരി വനത്തിലും മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചാലിയാര്‍ തീരത്ത് പരിശോധന നടത്തുന്നുണ്ട്.
കേരളത്തിലെ നദികളില്‍ നീളത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാര്‍. 169 കിമി ആണ് ഇതിന്റെ നീളം. ചാലിയാര്‍ കടലിനോട് അടുക്കുമ്പോള്‍ ബേപ്പൂര്‍ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂര്‍, ഫറോക്ക്, ബേപ്പൂര്‍ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."