വയനാട് ദുരന്തം: സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും (30/7/24, 31/7/24) സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവുവിനെ സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായാണു സ്പെഷ്യല്‍ ഓഫിസറെ നിയോഗിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."