വയനാട് ദുരന്തം: വിറങ്ങലിച്ച് പ്രവാസ ലോകവും, ചേർത്ത് പിടിക്കാനും സഹായ ഹസ്തങ്ങൾക്കും ആഹ്വാനം ചെയ്ത് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി
റിയാദ്: വയനാട് ജില്ലയിലെ മുണ്ടകൈ, ചൂരൽമല ഭാഗത്തുണ്ടായ വൻ ദുരന്തത്തിന്റെ ഉള്ളുളക്കുന്ന വാർത്തകൾ പുറത്ത് വരുമ്പോൾ പ്രവാസ ലോകവും വിറങ്ങലിച്ച് നിൽക്കുകയാണ്. വയനാട്ടിൽ ദുരന്തത്തിൽ പെട്ടവർക്ക് സാന്ത്വനമേകാനായി വിവിധ പദ്ധതികളും പ്രവാസ ലോകം ആസൂത്രണം ചെയ്യുന്നുണ്ട്. പ്രാർത്ഥന സദസുകളും പുറമെ സഹായ ഹസ്തങ്ങളും ഒരുക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.
ദുരന്ത ബാധിതരെ സഹായിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. ബഹുമാനപ്പെട്ട സമസ്ത നേതാക്കളുടെ ആഹ്വാനപ്രകാരം വിഖായ ഉൾപ്പെടെയുള്ള സന്നദ്ധ സേവകർ കർമ്മ നിരതരാണ്. നാട്ടിലെ നമ്മുടെ മഹല്ല് /സംഘടനാ സംവിധാനങ്ങൾ മുഖേന സാധ്യമായ സഹായപ്രവർത്തനങ്ങൾ നടത്താൻ എല്ലാവരും രംഗത്ത് വരണമെന്നും സെൻട്രൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചു പരമാവധി സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ, ജനറൽ സിക്രട്ടറി റാഫി ഹുദവി എന്നിവർ അഭ്യർത്ഥിച്ചു. പ്രാർത്ഥനാ സദസ്സുകളും വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്.
ജിദ്ദ കേരള പൗരാവലിയും ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മയും സംയുക്ത യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വയനാട് ജില്ലയിലെ മുണ്ടകൈ, ചൂരൽമല ഭാഗത്തുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാതലത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കഴിയുന്ന ആവശ്യമായ അടിയന്തിര സഹായങ്ങൾ ചെയ്യുന്നതിനും നാളെ (31.07.2024) ബുധൻ രാത്രി 9:15 ന് ഷറഫിയ അബീർ ഓഡിറ്റോറിയത്തിൽ യോഗം ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹകരിക്കാൻ തയ്യാറുള്ള എല്ലാവരും പങ്കെടുക്കണമെന്ന് ഇവർ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."