ഉഴുതുമറിച്ചശേഷം ഖാന്‍ യൂനിസ് വിട്ട് ഇസ്‌റാഈല്‍
ഗസ്സ: ഒമ്പതുദിവസമായി മിസൈല്‍ വര്‍ഷിച്ചും ബോംബിട്ടും ഉഴുതുമറിച്ച ശേഷം ഖാന്‍ യൂനിസ് വിട്ട് ഇസ്‌റാഈല്‍ സൈന്യം. ഒമ്പതുദിവസത്തിനിടെ 300 പേരാണ് ഖാന്‍ യൂനിസില്‍ മാത്രം കൊല്ലപ്പെട്ടത്. 30 പേരെ കാണാതായി. 31 വീടുകള്‍ തകര്‍ത്തു. കണ്ടെടുത്ത പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് ഗസ്സ മാധ്യമവിഭാഗം അറിയിച്ചു. സൈന്യം പിന്‍മാറിയതോടെ ആയരിക്കണക്കിന് ഫലസ്തീനികള്‍ ഖാന്‍യൂനിസിലേക്ക് മടങ്ങിത്തുടങ്ങി. നേരത്തെ ഖാന്‍ യൂനിസിലേക്ക് സര്‍വസന്നാഹവുമായി അധിനിവേശസൈന്യം എത്തിയപ്പോള്‍ രണ്ടുലക്ഷം പേരാണ് ഒറ്റയടിക്ക് അഭയാര്‍ഥികളായി മാറിയത്. ഇവരില്‍ പലര്‍ക്കും തിരിച്ചുപോകാന്‍ വീടില്ലാത്ത അവസ്ഥയാണ്.
ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 297 ദിവസം പിന്നിട്ടതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 39,400 ആയി. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടതിനാല്‍ മരണസംഖ്യ ഇനിയും കൂടും. ഇതുവരെ 90,996 പേര്‍ക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കില്‍നിന്ന് 15 പേരെ ഇസ്‌റാഈല്‍ അറസ്റ്റ്‌ചെയ്തു. ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന വെസ്റ്റ്ബാങ്കില്‍നിന്ന് ഇതുവരെ സയണിസ്റ്റ് സൈന്യം നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണം 9,870 ആയി. നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപില്‍ ഇന്നലെ വീണ്ടും സയണിസ്റ്റുകള്‍ ബോംബ് വര്‍ഷിച്ചു.
കുട്ടികളടക്കം പത്തുപേര്‍ മരിച്ചു. ഗസ്സയിലെ ഏറ്റവും വലിയ രണ്ട് ക്യാംപുകളാണ് നുസൈരിയ്യാത്തും ബുറൈജും. ഇത് രണ്ടും ഒഴിയണമെന്ന് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 29,000 പേരാണ് രണ്ടുക്യാംപുകളിലുമായി കഴിയുന്നത്. ഒഴിപ്പിക്കല്‍ ഭീഷണിയുണ്ടെങ്കിലും ഇവര്‍ എവിടെപ്പോകുമെന്ന് വ്യക്തമല്ല.
ഇതോടൊപ്പം ലബനീസ്, ഇസ്‌റാഈല്‍ അതിര്‍ത്തിയും സംഘര്‍ഷഭരിതമാണ്. ഇരുവിഭാഗവും പലതവണ ആക്രണങ്ങള്‍ നടത്തി. ലബനാനില്‍ മരണം റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടു. പ്രതികാരമായി ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരുക്കേറ്റു.
Israeli Army Withdraws from Khan Younis After 9 Days of Bombardment, 300 Palestinians Killed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."