ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു
തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ഇറാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് ഹമാസ് ആരോപിച്ചു.
രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു. ഖത്തറില്‍ താമസിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു മാസം മുമ്പ് ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.
ഏപ്രില്‍ പത്തിന് പെരുന്നാള്‍ ദിനത്തിലായിരുന്നു അത്. മക്കളായ ഹസിം ഹനിയ്യ, ആമിര്‍ ഹനിയ്യ, മുഹമ്മദ് ഹനിയ്യ എന്നിവരും പേരക്കുട്ടികളായ അമല്‍, മോന, ഖാലിദ്, റസാന്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. 'എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ല' എന്നായിരുന്നു മക്കളെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോള്‍ ഇസ്മാഈല്‍ ഹനിയ്യ പ്രതികരിച്ചത്.
2006ല്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ല്‍ ഇസ്‌റാഈല്‍ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക് നാടു കടത്തി. ഒരു വര്‍ഷത്തിന് ശേഷം ഓസ്‌ലോ കരാര്‍ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. ഫലസ്തീനിലേക്ക് മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.
സംഭവത്തില്‍ ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Hamas political leader Ismail Haniyeh has been killed in an attack in Tehran, according to Iranian military sources. The incident occurred while Haniyeh was in Iran to attend President Masoud Peseshekian's inauguration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."