നൂറുദിവസം കൊണ്ട് സര്‍ക്കാരിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടു: ഇ.ടി
കണ്ണൂര്‍: നൂറുദിവസം കൊണ്ട് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയ സര്‍ക്കാരാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്നു മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കലക്ടറേറ്റിനു മുന്നില്‍ യു.ഡി.എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടായിട്ടും ശക്തമായ മദ്യനയം നടപ്പാക്കിയ സര്‍ക്കാരായിരുന്നു യു.ഡി.എഫിന്റേത്. എന്നാല്‍ എല്‍.ഡി.എഫ് അന്നുതന്നെ മദ്യലോബിയുമായി രഹസ്യബന്ധമുണ്ടാക്കി. അബ്കാരി ലോബി അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയാഘോഷമാണ് ഇപ്പോള്‍ നടത്തുന്നത്. അവരുടെ പ്രതാപകാലം പിറന്നു. ടു സ്റ്റാറുകള്‍ ത്രീസ്റ്റാര്‍ ആക്കിയും ത്രീസ്റ്റാര്‍ ഫൈവുമാക്കി ഹോട്ടലുകള്‍ നിലവാരം ഉയര്‍ത്തിയപ്പോള്‍ മദ്യംകിട്ടാതെ ഒരിടംപോലും കേരളത്തില്‍ ഇല്ലാതായി. ടൂറിസം മന്ത്രിതന്നെ ഇക്കാര്യം പറഞ്ഞുകഴിഞ്ഞുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇരുമ്പ് മറക്കുള്ളിലിരിക്കുന്ന മുഖ്യമന്ത്രിക്കു സാധാരണക്കാരുടെ വിഷമങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ലെന്നു മുന്‍മന്ത്രി കെ സുധാകരന്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ മാധ്യമങ്ങളെ ഭയക്കുന്ന അവസ്ഥയാണുള്ളത്. അതിനാലാണു മന്ത്രിമാര്‍ മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നതെന്നു മുന്‍മന്ത്രി കെ.സി ജോസഫ് പറഞ്ഞു. വിവാദങ്ങളുണ്ടാക്കി ഭരണപരാജയം മറച്ചുവയ്ക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുന്‍മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു.
പ്രൊഫ. എ.ഡി മുസ്തഫ അധ്യക്ഷനായി. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ സുരേന്ദ്രന്‍, സണ്ണിജോസഫ് എം.എല്‍.എ, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."