കൊറിയയില്‍ വീണ്ടും 'ബലൂണ്‍ യുദ്ധം'; സൗത്ത് കൊറിയക്കു നേരെ ചപ്പു ചവറുകള്‍ നിറച്ച ബലൂണുകളയച്ച് ഉത്തരകൊറിയ
സോള്‍: കൊറിയയില്‍ വീണ്ടും 'ബലൂണ്‍ യുദ്ധം'. മാസങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയയും ദക്ഷിണകൊറിയയും മനുഷ്യവിസര്‍ജ്ജ്യം നിറച്ച ബലൂണുകള്‍ പറത്തിവിട്ട് ആരംഭിച്ച യുദ്ധം ഇപ്പോള്‍ ചപ്പുചവറുകളില്‍ എത്തി നില്‍ക്കുകയാണ്.ചപ്പുചവറുകളും തുണി അവശിഷ്ടങ്ങളും സിഗരറ്റ് കുറ്റിയും നിറച്ച 2000ത്തിലധികം ബലൂണുകളാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടിരിക്കുന്നത്.
ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വടക്കന്‍ ഭാഗത്തേക്ക് പറത്തിവിട്ട ദക്ഷിണ കൊറിയന്‍ സിവിലിയന്‍ ആക്ടിവിസ്റ്റുകളുടെ നടപടിക്ക് പ്രതികാരമായാണ് ഉത്തര കൊറിയയുടെ പുതിയ നടപടി. എന്നാല്‍ ബലൂണ്‍ പതിച്ച് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജപ്പാന്‍, യു.എസ് എന്നിവരുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തിവരുന്ന സൈനികാഭ്യാസം ഉത്തര കൊറിയയുടെ അനിഷ്ടത്തിന് കാരണമായതോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള ഈ 'വിചിത്ര'യുദ്ധം ആരംഭിക്കുന്നത്. കൂടാതെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് ഉത്തര കൊറിയ നിരന്തരം നടത്തുന്ന ആയുധ പരീക്ഷണ നടപടി ദക്ഷിണ കൊറിയയേയും ചൊടിപ്പിച്ചിരുന്നു.
മെയ് മാസത്തിന്റെ അവസാനവാരത്തില്‍ മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്ക് അയച്ചു തുടങ്ങി. കൃത്യമായ സമയങ്ങളില്‍ ബലൂണുകള്‍ പൊട്ടാന്‍ അവയില്‍ ടൈമറുകളും സെറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സോക് യോളിന്റെ വസതിയുടെ മുറ്റത്ത് ബലൂണ്‍ വീണത് ആശങ്ക പടര്‍ത്തിയിരുന്നു. ഇതിലും നിറയെ ചപ്പുചവറുകളായിരുന്നു.
മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ നിറച്ച മാലിന്യ ബലൂണ്‍ ദക്ഷിണ കൊറിയയില്‍ പതിച്ചെന്ന ആരോപണം ദക്ഷിണ കൊറിയന്‍ സൈന്യം നിഷേധിച്ചിരുന്നു. അതേസമയം, മാലിന്യ ബലൂണുകള്‍ക്ക് പകരമായി ഉത്തര കൊറിയയെ പാഠം പഠിപ്പിക്കാന്‍ ദക്ഷിണ കൊറിയ ഉച്ചഭാഷിണി പ്രയോഗം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."