വയനാട് ഉരുൾപൊട്ടൽ: ചാലിയാറിലും സമീപത്തും ഇന്ന് വീണ്ടും തിരച്ചിൽ
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് വീണ്ടും തിരച്ചിൽ. വനത്തിനകത്തും പുഴയിലുമായി ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ വിശദമായ തിരച്ചിൽ നടത്തും. മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും.
എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലിസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു.
അതിനിടെ, വയനാട്ടിൽ വീണ്ടും മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ കടച്ചിക്കുന്നു, വടുവൻചാൽ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലുണ്ടായ കുന്നുകളോട് ചേർന്നുള്ള ഭാഗങ്ങളിലാണ് മഴ ശക്തമായത്. മൂന്നു മണിക്കൂറിനിടെ 100 മില്ലി മീറ്റർ മഴ പെയ്തുവെന്നാണ് സ്വകാര്യ ഏജൻസിയായ ഹ്യൂമിന്റെ കണക്ക്. മലവെള്ളപ്പാച്ചിൽ സാധ്യതയും ഹ്യൂം പ്രവചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."