പലചരക്ക് കട ഉടമയെ വെടിവെച്ച് കൊന്നു; ഷെയ്ഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി പൊലിസ്
ധാക്ക: ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് ആറുപേർക്കുമെതിരേ കൊലക്കുറ്റം ചുമത്തി പൊലിസ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബൂ സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ധാക്ക ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
ഷെയ്ഖ് ഹസീനയെ കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ പൊലിസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മഅ്മൂൻ എന്നിവരും കേസിൽ പ്രതികളാണ്.അബൂ സെയ്ദിന്റെ സുഹൃത്തായ അമീർ ഹംസ ഷാത്തിലാണ് ഹസീനക്കും മറ്റുമെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. രേഖകൾ പരിശോധിച്ച കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുഹമ്മദ്പുർ പൊലിസിനോട് ഉത്തരവിടുകയായിരുന്നു.
ഹസീന ബംഗ്ലാദേശ് വിട്ടശേഷം അവരുടെ പേരിൽ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്. ജൂലൈ 19ന് വിദ്യാർഥി പ്രക്ഷോഭകർക്കും പൊതുജനങ്ങൾക്കും നേരെ പൊലിസ് വിവേചനരഹിതമായി വെടിവച്ചതിനെ തുടർന്നാണ് അബൂ സെയ്ദ് കൊല്ലപ്പെട്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കിയ ഹസീനയ്ക്ക് കോടതി ഉത്തരവ് വിനയാകുമെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."