'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ്
വടകര: 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ്. പോസ്റ്റ് ആദ്യം വന്ന 'റെഡ് എന്‍കൗണ്ടര്‍' ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയ റിബേഷ് രാമകൃഷ്ണന്‍. റിബേഷിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍' പ്രയോഗം ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടതു സൈബര്‍ ഗ്രൂപ്പുകളിലെന്നാണ് ഹൈക്കോടതിയില്‍വടകര പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണെന്നും പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.
വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏപ്രില്‍ 25ന് 2.34നാണ് 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ അമല്‍റാം എന്ന സി.പി.എം പ്രവര്‍ത്തകന്‍ ഇതു പോസ്റ്റ് ചെയ്തത്. 2.13ന് 'റെഡ് എന്‍കൗണ്ടര്‍' എന്ന മറ്റൊരു സി.പി.എം അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം പ്രവര്‍ത്തകനായ റിബേഷ് പോസ്റ്റ് ചെയ്ത സന്ദേശം അമല്‍റാം ഷെയര്‍ ചെയ്യുകയായിരുന്നു.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. എന്നാല്‍ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെപ്പറ്റി പറയാന്‍ ആദ്യം പോസ്റ്റ് ചെയ്ത റിബീഷ് തയാറായില്ല എന്നാണു പൊലിസ് റിപ്പോര്‍ട്ടിലുള്ളത്. റിബീഷിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിബീഷിനെയും ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നാണ് ഇതു കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.
എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി തിരുവള്ളൂരിലെ പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഖാസിമിനെതിരേ വടകര പൊലിസ് സ്റ്റേഷനില്‍ സി.പി.എം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഖാസിം നിരപരാധിയാണെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഖാസിം നല്‍കിയ ഹരജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."