അമ്മമാരേ...! നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നെയ്യ് നല്‍കാറുണ്ടോ? എങ്കില്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാതെ പോവല്ലേ
നമ്മുടെ കുട്ടികള്‍ക്ക് എപ്പോഴും നല്‍കേണ്ടത് പോഷകഗുണമുള്ള ആഹാരങ്ങളാണ്. അതുകൊണ്ടു തന്നെ നെയ്യിന്റെ പോഷക മൂല്യങ്ങളും അറിഞ്ഞിരിക്കണം. ഇത് വെണ്ണയ്ക്ക് സമാനമാണ്. നെയ്യില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഒമേഗ3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യില്‍ കാണപ്പെടുന്നുണ്ട്.
കുഞ്ഞിന് ഏഴു മാസം പ്രായമാകുമ്പോള്‍ തന്നെ മൂന്നോ നാലോ തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോള്‍ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്തു കൊടുക്കാം. ഇത് ചോറിലോ മറ്റ് ഭക്ഷണത്തിലോ ചേര്‍ത്തു കൊടുക്കാവുന്നതാണ്. കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തിന് ബലവും ശക്തിയും നല്‍കുകയും ചെയ്യുന്നു.
ഭാരക്കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് കൊടുക്കുന്നത് വണ്ണം വയ്ക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കുക. ഇങ്ങനെ ചെയ്താല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ ഭാരം വര്‍ധിപ്പിക്കാം.
കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ ഇ അത്യാവശ്യമാണ്. നെയ്യില്‍ മികച്ച അളവില്‍ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും നെയ്യ് ഗുണം ചെയ്യുന്നതാണ്. ദിവസവും രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുകയാണെങ്കില്‍ കുട്ടികളിലെ മലബന്ധപ്രശ്‌നവും പരിഹരിക്കാം.
നെയ്യില്‍ ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഉത്തമമാണ്. ആദ്യത്തെ 5 വര്‍ഷങ്ങളിലാണ് കുഞ്ഞിന്റെ മസ്തിഷ്‌കം വികസിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ നെയ്യ് ഈ സമയത്ത് കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കുന്നത് അത്രയേറെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."