മൂവാറ്റുപുഴയിൽ വെടിവെപ്പ്; ഒരാൾക്ക് ഗുരുതര പരുക്ക്, സംഭവം ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ
എറണാകുളം: മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്. കടാതി മംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. ഗുരുതര പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ബന്ധുവായ കിഷോർ എന്നയാളാണ് വെടിവെച്ചത്. മൂവാറ്റുപുഴ കടാതിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.
നവീനും കിഷോറും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കിഷോർ തന്റെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. നവീനും കിഷോറും തമ്മിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കിഷോർ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. സംഭവസമയത്ത് ഇരുവർക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിച്ചത്. ഇയാളാണ് നവീനെ ആശുപത്രിയിലാക്കിയത്.
നവീന്റെ വയറിനാണ് വെടിയേറ്റത്. നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് വിവരം. അതേസമയം, ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."