കരിപ്പൂർ വിമാനത്താവളത്തിലെ ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് വർധന മരവിപ്പിച്ചു
മലപ്പുറം: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വർധിപ്പിച്ച പാർക്കിങ് ഫീസ് മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ ഉയർത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടിയ നിരക്ക് മരവിപ്പിച്ച് പഴയ നിരക്ക് തന്നെ തുടരാൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. ഏഴ് ഇരട്ടിയിലേറെ വർധനയാണ് കൊണ്ടുവന്നിരുന്നത്.
ഓഗസ്റ്റ് 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. തീരുമാനത്തിന് പിന്നാലെ ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് ഇവർ പരസ്യ സമരത്തിന് ഇറങ്ങിയത്. വിമാനത്താവളത്തിനു മുന്നിൽ ഡ്രൈവർമാരും ടാക്സി ഉടമസ്ഥരും ചേർന്ന് സമരങ്ങൾ നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരം നടത്തി.
കരിപ്പൂർ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധം തുടർക്കഥയായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. എന്നാൽ ടാക്സി വാഹനങ്ങളുടേത് മാത്രമാണ് നിലവിൽ ഒഴിവാക്കിയത്. മറ്റ് നിരക്കുകൾ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."