സര്‍ക്കാരിന്റെ തണലില്‍ സി.പി.എം ഗുണ്ടാസംഘം കേരളത്തില്‍ അഴിഞ്ഞാടുന്നു: കെ.പി.എ.മജീദ്
പാലക്കാട്: സര്‍ക്കാരിന്റെ തണലില്‍ സി.പി.എം ഗുണ്ടാസംഘം കേരളത്തില്‍ അഴിഞ്ഞാടുകയാണെന്ന് കെ.പി.എ മജീദ്. നാദാപുരത്ത് കോടതി വെറുതെവിട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സി.പി.എം പാര്‍ട്ടി കോടതി നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരായ എ.എസ്.പി കറുപ്പുസ്വാമിയെയും ഡിവൈ.എസ്.പിയെയും അകാരണമായി സ്ഥലം മാറ്റിയത്. ബ്രാഞ്ച് സെക്രട്ടറിയെ സംഭവത്തില്‍ പിടികൂടിയതോടെയാണ് അന്വേഷണം അട്ടിമറിക്കാന്‍ ഇവരെ സ്ഥലം മാറ്റിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ ജില്ലാ യു.ഡി.എഫ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ധിക്കുമ്പോഴും മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയാണിപ്പോള്‍. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി നിലനില്‍ക്കേണ്ട മാവേലിസ്‌റ്റോറുകള്‍ ലാഭകരമല്ലെന്ന കാരണത്താല്‍ പൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓണത്തിനടക്കം മദ്യം ഓണ്‍ലൈന്‍വഴിയും ബാറുകള്‍ മുഖേനയും യഥേഷ്ടം ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്.
കേന്ദ്രത്തില്‍ മോദിനടപ്പാക്കുന്നത് മതേതരത്വ വിരുദ്ധ നിലപാടുകളാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഹിന്ദുത്വവത്കരണമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എ.രാമസ്വാമി അധ്യക്ഷനായി. സി.എ.എം.എ കരീം സ്വാഗതം പറഞ്ഞു. കെ.എസ് ഹംസ, വി.എസ് വിജയരാഘവന്‍, സി.ബി ബാലചന്ദ്രന്‍, കളത്തില്‍ അബ്ദുല്ല, പി.എ തങ്ങള്‍, കെ. ചന്ദ്രന്‍, വി.സി കബീര്‍, പി.ജെ പൗലോസ്, സി. ചന്ദ്രന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, സി.പി മുഹമ്മദ്, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, വി.ഡി ജോസഫ്, ടി.എം ചന്ദ്രന്‍, എ. ഭാസ്‌ക്കരന്‍, വി. സുകുമാരന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."