വയറില്‍ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥതയുണ്ടാവാറുണ്ടോ? എങ്കില്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്
വയറിന് അസ്വസ്ഥത തോന്നാറുണ്ടോ? ഭക്ഷണം കഴിച്ചാലോ അല്ലെങ്കില്‍ അതിനു മുമ്പോ. ഗ്യാസ് കയറലോ വയറുവീര്‍ക്കുകയോ അങ്ങനെ എന്തെങ്കിലും. കൂടെ വയറുവേദനയും ഉണ്ടാകാറുണ്ടോ. വയറുവീര്‍ക്കലും മറ്റ് അസ്വസ്ഥതകളും കുടലിന്റെ മോശം ആരോഗ്യാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനവും കാര്യക്ഷമതയും മാത്രമല്ല കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തില്‍ കുടല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ദഹനനാളത്തില്‍ അധികമായി ഗ്യാസ് അടിഞ്ഞുകൂടുമ്പോള്‍ വയറു നിറയുന്നതും ഇറുകുന്നതും പലപ്പോഴും വീര്‍ക്കുന്നതായും അനുഭവപ്പെടുന്ന അവസ്ഥയാണ് വയര്‍വീക്കം. അമിതമായി ഭക്ഷണം കഴിക്കല്‍, ഭക്ഷണത്തോട് മടുപ്പ്, മലബന്ധം, അല്ലെങ്കില്‍ കുടല്‍ മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥ തുടങ്ങിയ ഘടകങ്ങളുടെ ഫലമായും സംഭവിക്കാം. ഇത് കുടലിന്റെ മോശമായ ആരോഗ്യത്തിന്റെ ലക്ഷണമാണ്.
വീട്ടില്‍ നിന്ന് തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം
മസാജ് ചെയ്യുക
വയറ്റില്‍ ഗ്യാസ് നിറയുമ്പോള്‍ വയറിന്റെ ഏതെങ്കിലും ഭാഗത്ത് കൊളത്തിപ്പിടിച്ച പോലെ വേദനയുണ്ടാവാറുണ്ട്. അവിടെ മസാജ് ചെയ്തുകൊടുക്കുന്നത് നല്ലതാണ്. എണ്ണയോ മറ്റോ പുരട്ടി മസാജ് ചെയ്താല്‍ ഗ്യാസ് കുറയുന്നതാണ്.
യോഗ
യോഗചെയ്യുന്നതും ഗ്യാസ് വേഗത്തില്‍ പോവുന്നതിനു സഹായിക്കുന്നു. പ്രത്യേകിച്ച് ബ്രിഡ്ജ് പോസ്, ക്യാമല്‍ പോസ്, മലാസന പോസ് എന്നിങ്ങനെയുള്ള യോഗകള്‍ ചെയ്യുന്നത് ഗ്യാസ് വേഗത്തില്‍ പോവാന്‍ നല്ലതാണ്.
ഇഞ്ചി
കുറച്ച് ഇഞ്ചികഷണങ്ങള്‍ 10 മിനിറ്റ് നേരം വെള്ളത്തില്‍ തിളപ്പിച്ച ശേഷം കുടിക്കുന്നത് വയറിന് നല്ലതാണ്. രുചിക്കായി ഇതിലേക്ക് അല്‍പം തേനോ നാരങ്ങനീരോ ചേര്‍ക്കാം. ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ദഹനനാളത്തിന്റെ പേശികളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്ന ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ ഇഞ്ചിയില്‍ ധാരാളമായിട്ടുണ്ട്.
തുളസി
കുറച്ച് തുളസിയിലകള്‍ പത്ത് മിനിറ്റ് സമയം ചൂടുവെള്ളത്തില്‍ ഇട്ട് വച്ചു കുടിക്കാവുന്നതാണ്. ഇവ വയര്‍ വീര്‍ക്കുന്നതു തടയാന്‍ സഹായിക്കുന്നു
പെരുംജീരകം
കുടലിലെ ഗ്യാസ് പുറന്തള്ളാനും ശരീരത്തിന്റെ വണ്ണം കുറയ്ക്കാനും പെരുംജീരകം നല്ലതാണ്. ഭക്ഷണത്തിന് ശേഷം, അര ടീസ്പൂണ്‍ പെരുംജീരകം ചവയ്ക്കുന്നതും അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ പെരുംജീരകം ചൂടുവെള്ളത്തില്‍ 10 മിനിറ്റിട്ട ശേഷം കുടിക്കുന്നതുമൊക്കെ വയറിന് നല്ലതാണ്.
നാരങ്ങ വെള്ളം
ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുകയും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ഉന്മേഷത്തിനും നല്ലതാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും ഗുണം ചെയ്യും.
പൈനാപ്പിള്‍
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്‍സൈം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനുമൊക്കെ സഹായിക്കുന്നു.
പഴം
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായുണ്ട്. ഇത് ദ്രാവക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാനും വെള്ളം നിലനിര്‍ത്തുന്നത് തടയാനും സഹായിക്കുന്നു. പഴുത്ത പഴം ലഘുഭക്ഷണമായോ അല്ലെങ്കില്‍ സ്മൂത്തികളിലോ ചേര്‍ത്തു കഴിക്കുക.
വെള്ളം
കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരിയായ ദഹനം നിലനിര്‍ത്താനും മലബന്ധം തടയാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുന്‍പും ശേഷവുമായി ദിവസം മുഴുവന്‍ കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."