മെഡലല്ല മനുഷ്യത്വമാണ് വലുത്; തനിക്കു കിട്ടിയ ഒളിംപിക്സ് വെള്ളിമെഡല്‍ എതിരാളിക്കു സമര്‍പ്പിച്ച് യോഗേശ്വര്‍
ന്യൂഡല്‍ഹി: തനിക്കു കിട്ടിയ വെളളി മെഡല്‍ അയോഗ്യനാക്കപ്പെട്ട റഷ്യയുടെ ബെസിക് കുദനോവിനു തന്നെ സമര്‍പ്പിച്ച് ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്.
ഒളിംപിക്സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ പറഞ്ഞു.
2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയാക്കി അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതു തെളിഞ്ഞതോടെയാണ് യോഗേശ്വറിന്റെ വെങ്കലമെഡല്‍ വെള്ളിയായി മാറിയത്.
എന്നാല്‍ നാലു തവണ ലോക ചാംമ്പ്യനായ ബെസിക് കുദുനോവ് 2013 ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് തനിക്കു ലഭിച്ച മെഡല്‍ യോഗേശ്വര്‍ തിരികെ നല്‍കിയത്.
കുദനോവ് മഹാനായ ഗുസ്തിക്കാരനാണ്. ഇതുവരെ സംഭവിക്കാന്‍ പാടില്ലാത്തതെല്ലാം സംഭവിച്ചു. നിര്‍ഭാഗ്യകരമായി. എന്നാല്‍ ഒരു ഗുസ്തിക്കാരന് എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു- യോഗേശ്വര്‍ പറഞ്ഞു.
എന്നെ സംബന്ധിച്ച് മനുഷ്യത്വമാണ് എല്ലാത്തിനും മുകളില്‍- യോഗേശ്വര്‍ ട്വീറ്റ് ചെയ്തു.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് കുദനോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."