സ്വന്തം ജനതയെ പോലും മാനിക്കാത്ത നെതന്യാഹു ഭരണകൂടമേ നിങ്ങളുടെ അന്ത്യം നിങ്ങളുടെ തെരുവില്‍ നിന്ന് തന്നെയായിരിക്കും
ഗസ്സയില്‍ ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നെതന്യാഹു ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ് ഇസ്‌റാഈല്‍ ജനത. ബന്ദികളുടെ മോചനത്തിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.
പ്രതിഷേധിക്കുന്ന സ്വന്തം ജനതയെ അതിക്രൂരമായാണ് നെതന്യാഹു ഭരണകൂടം നേരിടുന്നത്. ശാന്തമായ പ്രതിഷേധിക്കുന്നവര്‍വര്‍ക്ക് നേരെ നെതന്യാഹുവിന്റെ സയണിസ്റ്റ്‌സേന കടുത്ത അക്രമം അഴിച്ചു വിടുന്നു. എന്തിനേറെ പ്രതിഷേധക്കാര്‍ക്ക് നേരെ മലിന ജലം പോലും സ്‌പ്രേ ചെയ്തു ഇസ്‌റാഈലി പൊലിസ്. അതിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരിക്കുന്നു. പ്രതിഷേധിച്ച് കൂടിയിരിക്കുന്ന സ്വന്തം ജനതക്കു മേല്‍ മലിന ജലം തളിക്കുന്ന ഭരണാധികാരി.
സ്വന്തം ജനതയോടു പോലും ഒരു പ്രതിബദ്ധതയുമില്ലാത്തവരാണ് പൊളിറ്റിക്കല്‍ സയണിസത്തിന്റെ വക്താക്കലെന്ന് ഈ രംഗങ്ങള്‍ ഒരിക്കല്‍ കൂടി വിളിച്ചു പറയുന്നു. വെറും കച്ചവടം മാത്രം മുന്നില്‍ കാണുന്ന ഭരണ കൂടം. അവര്‍ക്ക് അവരുടെ ജനതയോ ജനങ്ങളുടെ വികാരങ്ങളോ വിഷയമല്ല. ജനതയുടെ സുരക്ഷയും അവരെ ബാധിക്കുന്നില്ല. ഇത് തിരിച്ചറിയാന്‍ ഇസ്‌റാഈല്‍ ജനത ഏറെ വൈകിപ്പോയി എന്നതാണ് നേര്. എന്നാല്‍ അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം അവര്‍ ഓശാന പാടിയ ഭീകരത, ഫലസ്തീന്‍ ജനതക്കു മേല്‍ അതിക്രൂരതയുടെ തീമഴയായ് പെയ്തിറങ്ങിയ അധികാര ഭ്രാന്ത് തങ്ങള്‍ക്ക് മേല്‍ തിരിച്ചു പെയ്യുന്ന കാലം അതിവിദൂരമല്ലെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുന്നുണ്ട്. ഇനിയും വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ശേഷിക്കുന്നവരെ കൂടി കഫന്‍ പുടവകളില്‍ തിരിച്ചയക്കുമെന്ന ഹമാസിന്റെ മുന്നറിയിപ്പ് വകവെക്കാതെ വീണ്ടും വീണ്ടും ഫലസ്തീന്‍ ജനതക്കു മേല്‍ ബോംബ് വര്‍ഷിക്കുന്ന സയണിസ്റ്റ് ഭീകര ഭരണകൂടത്തെ അവര്‍ തന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു.
നെതന്യാഹുവിന്റെ താക്കീതുകളൊന്നും വകവെക്കാതെയാണ് ഇത്തവണ അവര്‍ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ ബീജിന്‍ സ്ട്രീറ്റിലെ ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെ സൈനിക ആസ്ഥാനത്ത് ഗതാഗതം തടഞ്ഞ് പ്രതിഷേധിക്കുകയും തെരുവുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
നെതന്യാഹു കരുതുന്നത് ഇസ്‌റാഈലിലെ ജനങ്ങള്‍ എല്ലാവരും മണ്ടന്‍മാര്‍ ആണെന്നാണ്. ഹിസ്ബുള്ള, ഇറാന്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നിവ ഉള്‍പ്പെടുന്ന അച്ചുതണ്ട് ആണ് ഏറ്റവും അപകടകരമെന്ന് നാം കരുതി. എന്നാല്‍ രാഷ്ട്രത്തിന് ഏറ്റവും അപകടകരം ദേശീയ സുരക്ഷ മന്ത്രി ബെന്‍ഗ്വിര്‍ ധനകാര്യമന്ത്രി സ്‌മോട്രിച്ച് എന്നിവരുടെ സഖ്യമാണ്.ഈ രണ്ട് വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റാത്ത നെതന്യാഹൂ..നിങ്ങള്‍ എങ്ങനെയാണ് 14 കിലോമീറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്,' കൊല്ലപ്പെട്ട ബന്ദികളിലൊരാളായ ലിരി അബാഗിന്റെ പിതാവായ എലി അബാഗ് രോഷത്തോടെ ചോദിച്ചതാണിത്. ഈ ചോദ്യം ഇതിനേക്കാള്‍ രൂക്ഷമായി ഇസ്‌റാഈലിന്റെ തെരുവോരങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ, സയണിസത്തിന്റെ അന്ത്യം അവിടെ കുടിയിരുത്തപ്പെട്ട ജനതയുടെ കൈകളാല്‍ തന്നെയായിരിക്കും.
In Israel, protests have escalated for the third consecutive day following the deaths of hostages in Gaza, with citizens demanding a ceasefire
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."