സഊദി അറേബ്യയിൽ വാഹന വില്‍പ്പന നടപടികള്‍ ഇനി 'അബ്ശിർ' വഴി പൂർത്തിയാക്കാം
റിയാദ്:രാജ്യത്ത് വ്യക്തികള്‍ തമ്മിലുള്ള വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സഊദി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സർവിസ് ആപ്പായ ‘അബ്ശിര്‍’ വഴിയും പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചു. വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന സേവനം നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അബ്ശിര്‍ ആപ്പിലും ഈ സേവനം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വാഹനം കണ്ടും പരിശോധിച്ചും വാങ്ങുന്നയാളും വില്‍ക്കുന്നയാളും പരസ്പര ധാരണയിലെത്തിയും വാഹന വില്‍പന നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വദേശികളെയും വിദേശികളെയും പുതിയ സേവനത്തിലൂടെ കഴിയുന്നു. ഇതിന് ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ട ആവിശ്യമില്ല.
വാഹനത്തിന്റെ വില വാങ്ങുന്നയാളില്‍ നിന്ന് കൈമാറാന്‍ ഒരു അക്കൗണ്ട് ലഭ്യമാക്കി അബ്ശിര്‍ പ്ലാറ്റ്‌ഫോം വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരു ഗ്യാരന്ററായി പ്രവര്‍ത്തിക്കുകയും വാഹനം പരിശോധിക്കാന്‍ വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും നിശ്ചിത സമയപരിധി നല്‍കുകയുമാണ് ചെയ്യുന്നത്. വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ഇരുവരുടെയും അനുമതി പ്ലാറ്റ്‌ഫോം വാങ്ങുകയും വാഹനത്തിന്റെ വില വില്‍പനക്കാരന് ഓട്ടോമാറ്റിക് രീതിയില്‍ കൈമാറുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."