പിങ്ക് കാരവൻ കാംപയിൻ: സ്തനാർബുദ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ
ഷാർജ: ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യൻ്റ്‌സ് (എഫ്.ഒ.സി.പി) പ്രമുഖ പൊതു-സ്വകാര്യ മേഖലാ പങ്കാളികളുമായി സഹകരിച്ച് യു.എ.ഇയിലുടനീളം സൗജന്യ സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും മാമോഗ്രാം സ്ക്രീനിങ്ങും ഒക്ടോബറിൽ സംഘടിപ്പിക്കും. സ്തനാർബുദ ബോധവൽക്കരണ മാസാചരണ ഭാഗമായി രാജ്യത്തെ പൗരന്മാരും താമസക്കാരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും സേവനം ലഭ്യമാകും.
എഫ്.ഒ.സി.പി വാർഷിക സംരംഭമായ 'പിങ്ക് കാരവൻ' ആണ് സംഘാടകർ. ബോധവൽക്കരണ കാലയളവിൽ മൊബൈൽ ക്ലിനിക്ക് ബുക്ക് ചെയ്യാൻ കമ്പനികൾക്ക് അനുമതിയുണ്ട്. 40 വയസും അതിൽ കൂടുതലുമുള്ള 20 വനിതാ ജീവനക്കാർക്ക് സൗജന്യ മാമോഗ്രാം ആണ് ക്ലിനിക്ക് മുഖേന നൽകുക. കൂടാതെ, 20 വയസും അതിൽ കൂടുതലുമുള്ള 60 വനിതാ ജീവനക്കാർക്ക് ക്ലിനിക്കൽ സ്തന പരിശോധനയും നൽകുന്നതാണ്.
ഇത് കൂടാതെ, പിങ്ക് കാരവൻ കോർപറേറ്റ് വെൽനസ് ഡേയിൽ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി (20 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക്) മാമോഗ്രാം സ്ക്രീനിങ്, ക്ലിനിക്കൽ ടെസ്റ്റുകൾക്കായി വെർച്വൽ സെമിനാറുകളും വൗച്ചറുകളും വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ബോധവൽക്കരണ സെമിനാറുകൾ, ഓൺ സൈറ്റ്/വെർച്വൽ ക്രമീകാരണ അവസരം എന്നിവയും ഈ സംരംഭം മുന്നോട്ടുവക്കുന്നു.
ബോധവൽക്കരണ സെഷനുകളുടെയും മെഡിക്കൽ സേവനങ്ങളുടെയും സമഗ്ര പാക്കേജ് നൽകുന്ന പിങ്ക് കാരവൻ്റെ മിനി ക്ലിനിക് സേവനവും കമ്പനികൾക്ക് ഉപയോഗിക്കാം. 20 വയസും അതിനു മുകളിലും പ്രായമുള്ള 60 വനിതാ ജീവനക്കാർക്കുള്ള ക്ലിനിക്കൽ സ്തന പരിശോധനകളും, പിങ്ക് കാരവൻ്റെ ഫിക്സഡ്, മൊബൈൽ ക്ലിനിക്കുകളിൽ സൗജന്യ മാമോഗ്രാം സ്‌ക്രീനിങ്ങിനുള്ള വൗച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. സ്തനാർബുദത്തിനെതിരായ പോരാട്ടം പൊതു-സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അതീതമായ ഒരു കൂട്ടായ ഉത്തരവാദിത്തമാണ്.
നേരത്തെയുള്ള കണ്ടെത്തലിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും രോഗികൾക്ക് സുപ്രധാന വിവരങ്ങൾ നൽകുന്നതിനും ബോധവൽക്കരണ കാംപയ്‌നുകൾ ഫലപ്രദവും ദീർഘ കാലം നിലനിൽക്കുന്നതുമാണെന്ന് എഫ്.ഒ.സി.പി ഡയരക്ടർ ആയിഷ അൽ മുല്ല പറഞ്ഞു. ഇത് ഉറപ്പു വരുത്താൻ വിവിധ പങ്കാളികളുമായുള്ള സഹകരണം നിർണായകമാണ്. ഈ ദൗത്യത്തിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരു പോലെ പങ്കുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
എഫ്.ഒ.സി.പിയിൽ തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വർഷം മുഴുവനും സഹായം നൽകുന്നത്തിനും പിങ്ക് കാരവൻ ഒക്ടോബറിനപ്പുറം വ്യാപിപ്പിക്കുന്ന ശ്രമങ്ങളോടെ തുടർച്ചയായ സാമൂഹിക പിന്തുണയുടെ സംസ്കാരം വളർത്തിയെടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ വ്യക്തമാക്കി.
[email protected], [email protected] എന്ന ഇമെയിൽ വിലാസത്തിൽ കമ്പനികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പിങ്ക് കാരവൻ കാംപയിനിൽ സന്നദ്ധ സേവനം നടത്താൻ വിവിധ മേഖലകളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളോടും എഫ്.ഒ.സി.പി ആഹ്വാനം ചെയ്യുന്നു. മെഡിക്കൽ, നഴ്‌സിങ് സ്‌കൂളുകളിൽ നിന്നുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും വിദ്യാർഥികളെയും ടീമിൽ ചേരാൻ ക്ഷണിക്കുന്നു. സമൂഹത്തിന് സൗജന്യ മെഡിക്കൽ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കാംപയ്ൻ ദൗത്യത്തെ പിന്തുണക്കുന്ന, സന്നദ്ധ സേവക തൽപരർക്ക് [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയച്ച് സൈൻ അപ്പ് ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."