ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ 'പയനിയറിങ് മോഡൽ' പദവി നേടി
അബൂദബി: 2024ലെ ഗ്ലോബൽ സൈബർ സുരക്ഷാ സൂചിക പ്രകാരം ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂനിയൻ അതിന്റെ മികച്ച ആഗോള വിഭാഗത്തിൽ (പയനിയറിങ് മോഡൽ) യുഎ.ഇക്ക് മുന്നേറ്റം. സൈബർ സുരക്ഷ മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇതോടെ പുതിയ നാഴികക്കല്ല് കൈവരിച്ചു.സൈബർ സുരക്ഷാ കൗൺസിൽ പ്രതിനിധീകരിക്കുന്ന സൂചികയുടെ എല്ലാ 80 മാനദണ്ഡങ്ങളും രാജ്യം പാലിച്ചു 100% വിജയമാണ് കൈവരിച്ചത്.
ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന സുരക്ഷിതവും നൂതനവുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കാനുള്ള യു.എ.ഇയുടെ നിരന്തര ശ്രമങ്ങളെ ഈ റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നു. യു.എ.ഇയുടെ മികച്ച ഭരണ നേതൃത്വത്തിൻ്റെയും ഡിജിറ്റൽ പരിവർത്തനത്തിൽ പിന്തുടരുന്ന പുരോഗമന നയങ്ങളുടെയും ഫലമാണ് ഈ ഉജ്വല നേട്ടമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിൽ യു.എ.ഇ കൈവരിച്ച സുപ്രധാന പുരോഗതിയെ ഈ ആഗോള റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നുവെന്നും നവീകരണത്തിനും സാങ്കേതിക വിദ്യയ്ക്കുമുള്ള പ്രാദേശിക, ആഗോള ഹബ്ബ് എന്ന നിലയിൽ അതിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും സൈബർ സുരക്ഷയിൽ പ്രവർത്തിക്കുന്ന എല്ലാ ടീമുകളുടെയും സംയുക്ത പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടമെന്ന് ഡോ. അൽ കുവൈത്തി ഊന്നിപ്പറഞ്ഞു.
ദേശീയ സൈബർ സുരക്ഷാ ഭരണം വർധിപ്പിക്കുക, ദേശീയ ശേഷികൾ വികസിപ്പിക്കുക, വിവരങ്ങൾ പങ്കിടുന്നതിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയോജിത സംവിധാനത്തിലൂടെയാണ് സൈബർ സുരക്ഷാ കൗൺസിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
നിയമപരമായ നടപടികൾ, നിയന്ത്രണ നടപടികൾ, സഹകരണ നടപടികൾ, ശേഷി വർധിപ്പിക്കൽ നടപടികൾ, സാങ്കേതിക നടപടികൾ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന, ഐക്യ രാഷ്ട്ര സഭയിലെ അംഗ രാജ്യങ്ങളുടെ സൈബർ സുരക്ഷാ പക്വതയെ വിലയിരുത്തുന്ന സമഗ്രമായ അളവുകോലാണ് ആഗോള സൈബർ സുരക്ഷാ സൂചിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."