ഓഫീസിലേക്ക് മടങ്ങിവരൂ; 'വർക്ക് ഫ്രം ഹോം' അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ
വാഷിംഗ്‌ടൺ: 'വർക്ക് ഫ്രം ഹോം' സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ടെക് ഭീമൻമാരായ ആമസോൺ കമ്പനി. കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ സംവിധാനം ഈ വർഷത്തോടെ അവസാനിക്കും. 2025 ജനുവരി 2 മുതൽ ജീവനക്കാർ തിരിച്ച് ഓഫീസിൽ എത്തണമെന്ന് കമ്പനി ജീവനക്കാർക്ക് നിർദേശം നൽകി. ഓഫീസ് അന്തരീക്ഷമാണ് സ്ഥാപനത്തിന്റെ വളർച്ചക്ക് നല്ലത് എന്ന കണക്കുകൂട്ടലിലാണ് ബാക് റ്റു ഓഫീസ് നടപ്പാക്കുന്നത്.
ആഴ്ചയിൽ അഞ്ച് ദിവസവും ജീവനക്കാർ ഓഫീസിലെത്തണം എന്ന് കാണിച്ച് ആമസോൺ സി.ഇ.ഒ ആൻഡി ജാസ്സി തൊഴിലാളികൾക്ക് കത്തെഴുതി. ഇതോടെ മഹാമാരിയെ തുടർന്ന് പ്രാബല്യത്തിൽ വന്ന വർക്ക് ഫ്രം ഹോം ജോലി രീതിക്ക് ആമസോൺ വിരാമമിടുകയാണ്. കോവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ രീതിയിലുള്ള ജോലിയിലേക്ക് മടങ്ങാൻ നമ്മൾ തീരുമാനിച്ചിരിക്കുന്നതായി കത്തിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷക്കാലം പരിശോധിച്ചാൽ ഓഫീസിൽ ഒന്നിച്ചുണ്ടാകുന്നതിൻറെ ഗുണം വളരെ പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്നതായും കത്തിൽ ഉണ്ട്. കഴിഞ്ഞ 15 മാസക്കാലം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എല്ലാവരും വന്നതിൻറെ മെച്ചമുള്ളതായും സി.ഇ.ഓ നൽകിയ കത്തിൽ പറയുന്നു. ഓഫീസിൽ എല്ലാവരുമുണ്ടാകുന്നത് കൂടുതൽ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനും മികച്ച രീതിയിൽ തൊഴിലെടുക്കാനും ജോലി സംസ്കാരം വളർത്താനും ആളുകൾ തമ്മിൽ മെച്ചപ്പെട്ട ബന്ധം സൃഷ്ടിക്കാനും സഹായിക്കും - കത്തിൽ പറയുന്നു.
അസാധാരണമായ സാഹചര്യങ്ങളിലൊഴികെ 2025 ജനുവരി 2 മുതൽ എല്ലാ ജീവനക്കാരും ആഴ്‌ചയിലെ അഞ്ച് ദിനം ഓഫീസിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു'- ആമസോൺ സിഇഒ ആൻഡി ജാസ്സി ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.
ലോകത്തെ മറ്റനേകം കമ്പനികളെ പോലെ ആമസോണും കൊവിഡ് മഹാമാരിയോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുകയായിരുന്നു. നാല് വർഷക്കാലം ഈ വർക്ക് ഫ്രം ഹോം സംവിധാനം നീണ്ടുനിന്നു. ഇതിന് ശേഷം ആഴ്‌ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുകയും ബാക്കി ദിനങ്ങളിൽ വീട്ടിലിരുന്ന് പണിയെടുക്കുകയും ചെയ്യുന്ന ഹൈബ്രിഡ് സംവിധാനം കമ്പനി അനുവദിച്ചു. അടുത്ത വർഷത്തോടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയാണെങ്കിലും സിഇഒയ്ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന എസ്-ലീഡറുടെ അനുമതിയുണ്ടെങ്കിൽ രോഗാവസ്ഥ അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ വർക്ക്ഫ്രം ഹോം ആമസോൺ ജീവനക്കാർക്ക് ലഭിക്കും.
Amazon is set to end its work-from-home policy, which was introduced during the COVID-19 pandemic. Employees have been informed that they are expected to return to the office starting January 2, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."