ഉന്നതപഠനത്തിന് ഒ.എന്‍.ജി.സി സ്‌കോളര്‍ഷിപ്പ്; അപേക്ഷ 18 വരെ
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
പ്രമുഖ ക്രൂഡ് ഓയില്‍ കമ്പനിയായ ഒ.എന്‍.ജി.സി (ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍) നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2024-25 അക്കാദമിക വര്‍ഷത്തില്‍ ബി.ടെക്, എം.ബി.ബി.എസ്, എം.ബി.എ, എം.എസ്.സി ജിയോളജി, എം.എസ്.സി ജിയോഫിസിക്‌സ് പ്രോഗ്രാമുകള്‍ക്ക് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഫുള്‍ ടൈം റെഗുലര്‍ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് അര്‍ഹത.
യോഗ്യത
പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, ജനറല്‍ ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക.
പട്ടികവിഭാഗത്തിന് കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷത്തില്‍ താഴെയും ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് രണ്ടു ലക്ഷത്തില്‍ താഴെയുമായിരിക്കണം. 2O24 ഓഗസ്റ്റ് ഒന്നിന് 30 വയസ് കവിയരുത്. ബി.ടെക് / എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എം.ബി.എ./ എം.എസ്.സി വിദ്യാര്‍ഥികള്‍ ബിരുദപരീക്ഷയും 60 ശതമാനം മാര്‍ക്ക് അഥവാ തുല്യഗ്രേഡ് ( 6/10 ) വാങ്ങി വിജയിച്ചവരായിക്കണം.
2000 സ്‌കോളര്‍ഷിപ്പുകള്‍
വിവിധ വിഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 2000 കുട്ടികള്‍ക്ക് (പട്ടികവിഭാഗം1000, ഒ.ബി.സി. 500 , ഇ.ഡബ്ല്യു.എസ് 500 ) വര്‍ഷത്തില്‍ 48,000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. അന്‍പത് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കാണ്.
കേരളമുള്‍പ്പെടുന്ന സൗത്ത് സോണില്‍ 400 പേര്‍ക്കാണ് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭിക്കാര്‍ ഓരോ സെമസ്റ്ററിലും 60 ശതമാനം മാര്‍ക്ക് നേടണം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങാനും പാടില്ല. യോഗ്യതാപരീക്ഷയിലെ മാര്‍ക്കു പരിഗണിച്ചാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. മാര്‍ക്ക് തുല്യമാണെങ്കില്‍ കുറഞ്ഞവരുമാനമുള്ളവരെ തിരഞ്ഞെടുക്കും. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. അവരുടെ അഭാവത്തില്‍മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.
അപേക്ഷ 18 വരെ
ongcscholar.org വഴി സെപ്റ്റംബര്‍ 18നകം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, അപേക്ഷാഫോമില്‍ നല്‍കിയിട്ടുള്ള നിശ്ചിതവിലാസത്തില്‍ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ഓരോ അക്കാദമിക് വര്‍ഷവും പൂര്‍ത്തിയായശേഷം വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് ഇ.സി.എസ് വഴി നല്‍കും. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ ലഭിക്കാനുള്ള വ്യവസ്ഥകളും മറ്റുവിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ട്.
ONGC Scholarship for Higher Studies Application till 18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."