ഇലക്ട്രിക് ബസ് സർവിസ്: ആദ്യ ഘട്ടത്തിന് തുടക്കമിട്ട് എസ്.ആർ.ടി.എ
ഷാർജ: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് റൈഡുകളുടെ ആദ്യ ഘട്ട പ്രവർത്തനം ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (എസ്.ആർ.ടി.എ) പ്രഖ്യാപിച്ചു. 2050ഓടെ 'യു.എ.ഇ നെറ്റ് സീറോ'യ്ക്കനുസൃതമായി, പരിസ്ഥിതി സുസ്ഥിരതാ പദ്ധതികൾ പാലിക്കുന്ന വാഹനങ്ങളെ ആശ്രയിക്കുന്നതിലേക്ക് ക്രമേണ മാറാനായി അതോറിറ്റിയുടെ ബസ് വ്യൂഹം മുഖേന പൊതു ഗതാഗത സേവനങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഏതാനും റൂട്ടുകൾക്ക് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
ദുബൈ, അജ്മാൻ, അൽ ഹംരിയ സിറ്റി എന്നിവയുൾപ്പെടെ മൂന്ന് ലക്ഷ്യ സ്ഥാനങ്ങളെ ആശ്രയിച്ചാണ് 10 ഇലക്ട്രിക് ബസുകൾ ഓടിക്കാൻ അതോറിറ്റിയുടെ ആദ്യ ഘട്ടം അനുവദിച്ചിരിക്കുന്നതെന്ന് എസ്.ആർ.ടി.എ ചെയർമാൻ എഞ്ചി.യൂസുഫ് ഖമീസ് അൽ ഉസ്മാനി വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഇടങ്ങൾ എന്നതടക്കമുള്ള നിരവധി മാനദണ്ഡങ്ങൾക്കനുസൃതമായാണ് സർവിസ്. ഇൻ്റർ സിറ്റി ട്രാൻസ്‌പോർട്ട് ഡിപാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ പഠനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് ലക്ഷ്യ സ്ഥാനങ്ങൾ തെരഞ്ഞെടുത്തത്.
ഹരിത ഗതാഗത ലക്ഷ്യങ്ങൾ കൈവരിക്കാനും, കാർബൺ പുറന്തള്ളൽ കുറക്കാനുമായി സമഗ്ര പദ്ധതികൾ സ്വീകരിച്ചുകൊണ്ട് പരിസ്ഥിതിയെ പിന്തുണയ്ക്കുന്നതിനുള്ള തന്ത്രം നടപ്പിലാക്കുന്നതിൽ ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പ്രയോഗിക്കാനുള്ള അതോറിറ്റിയുടെ ശ്രമത്തെ അൽ ഉസ്മാനി ഊന്നിപ്പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷമൊരുക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സൗഹൃദ ഗതാഗതം ആരംഭിക്കാൻ ഇത് വഴി സാധിക്കുന്നു.
കാര്യക്ഷമത തെളിയിക്കാൻ രണ്ട് ബസുകൾ പരീക്ഷിച്ച് ആദ്യ ഘട്ടമെന്ന നിലയിൽ 10 ഇലക്ട്രിക് ബസുകൾ വാങ്ങാൻ കരാർ ഒപ്പിട്ടതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ മോഡലുകൾ പരീക്ഷിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പൊതുഗതാഗതത്തിൽ പുനരുൽപാദക ഊർജത്തെ ആശ്രയിച്ച് കാർബൺ പ്രസാരണം കുറക്കാനുള്ള യു.എ.ഇയുടെയും ഷാർജ സർക്കാരിൻ്റെയും നിർദേശങ്ങൾ പ്രകാരം, അടുത്ത ഘട്ടത്തിൽ ഷാർജയിൽ സർവിസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും.
തെരഞ്ഞെടുത്ത പുതിയ ബസുകൾ കിങ് ലോങ് മോഡലാണ്. ഒൻപത് മീറ്റർ നീളവും 41 യാത്രക്കാർക്ക് ശേഷിയുമുള്ളതിനാൽ ഒരു കൂട്ടം സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളും ഉൾപ്പെടുന്നു. അന്താരാഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും യൂറോപ്യൻ സുരക്ഷാ സർട്ടിഫിക്കറ്റ് നേടുകയും ചെയ്ത നിർമാണ രീതിയാണിവയുടേത്. യു.എ.ഇയിലെ കാലാവസ്ഥക്കനുയോജ്യമായി ബാറ്ററി കൂളിങ് സംവിധാനത്തോടെയാണ് ബസ് എയർ കണ്ടീഷൻ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."