തിരുപ്രഭ ക്വിസ് - 23- അന്നബിയ്യ് (സ), നബിയുല്ലാഹ് (സ)
“സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തേക്കാൾ സമീപസ്ഥരാണ് നബി തിരുമേനി” (അസ്ഹാബ്: 6), “ഓ നബി!, സത്യനിഷേധികളോടും കപട വിശ്വാസികളോടും ധർമസമരം ചെയ്യുക” (തഹ്‌രീം: 9) തുടങ്ങിയ ധാരാളം ആയത്തുകളിലും നിരവധി പ്രവാചക വചനങ്ങളിലും നിരുപാധികം ‘അന്നബി’ എന്ന നാമത്താൽ പ്രവാചകനെ വിശേഷിപ്പിച്ചതായി കാണാം.
‘നബിയുല്ലാഹ്’ അല്ലെങ്കിൽ ‘അന്നബി’ എന്നാൽ അല്ലാഹുവിൽ നിന്നുള്ള വൃത്താന്തം കൊണ്ട് സംസാരിക്കുന്നയാൾ എന്നാണ് അർഥം. ഈ വൃത്താന്തം അല്ലാഹുവിൽ നിന്ന് ലഭിക്കുന്നത് ജിബ്‌രീല്‍ (അ) എന്ന മാലാഖ മുഖേനയോ യാതൊരു മധ്യവർത്തിയുമില്ലാതെ അല്ലാഹുവിൽ നിന്ന് നേരിട്ടോ ആകാം. പ്രവാചകനെ സംബോധന ചെയ്യാൻ ഏറ്റവും ബഹുമാനവും സ്നേഹവും നിറഞ്ഞ നാമങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് അല്ലാഹുവിന്റെ രീതി.
ആ നിലക്ക്, നബിയേ എന്നുള്ള സംബോധനയിൽ അതെല്ലാം അടങ്ങിയിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ. വിശ്വാസിയുടെ മുഴുവൻ നിസ്കാരങ്ങളുടെയും അവസാന ഭാഗത്ത് (തശഹുദ്) പ്രവാചകനെ വിളിച്ച് സലാം പറയാനും അത് “അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു” എന്നാവണമെന്നും മതത്തിൽ അല്ലാഹു നിയമമാക്കിയതിലൂടെ നമുക്ക് ഇക്കാര്യം സുതരാം വ്യക്തമാകും.
മനുഷ്യരിൽ നിന്ന് അല്ലാഹു ചിലരെ പ്രത്യേകം തിരഞ്ഞെടുത്ത് ജിബ്‌രീല്‍ (അ) മുഖേന ദിവ്യബോധനം നൽകുന്നതിലൂടെ ഒരു മനുഷ്യന് ലഭിക്കാവുന്ന ആത്മീയ പദവികളിൽ ഏറ്റവും സമുന്നതമായതു കൊണ്ടാണ് അയാൾ അനുഗ്രഹിക്കപ്പെടുന്നത്. അത് ഒരിക്കലും സ്വന്തം പ്രയത്നം കൊണ്ടോ പരിശ്രമങ്ങൾ കൊണ്ടോ നേടിയെടുക്കാവുന്നതല്ല. മറിച്ച്, അതൊരു തിരഞ്ഞെടുപ്പാണ്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പ്രസ്തുത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും.
അതിനു മുമ്പ് തന്നെ അവരെ ആ സ്ഥാനത്തിന് അർഹനാവാൻ എല്ലാ നിലക്കും പാകപ്പെടുത്തുകയും ചെയ്യും. മുഴുവൻ നബിമാരുടെയും വിശിഷ്യാ, പുണ്യ പ്രവാചകൻ (സ) തങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ നമുക്കിത് കൂടുതൽ വ്യക്തമാകും.
പ്രത്യേകം ആദരിച്ചവരായതിനാൽ നമ്മളും അവരെ ആദരവോടെ മാത്രമേ കാണാവൂ. ഈ മതത്തിന്റെ അടിസ്ഥാന ശിലകളിൽ പെട്ടതാണ് അല്ലാഹു ആദരിച്ചവരെ ആദരിക്കുക എന്നത്.
അമ്പിയാക്കളുടെ നേതാവ് മുഹമ്മദ് മുസ്ത്വഫാ (സ) തങ്ങളായതിനാൽ ഏറ്റവും ബഹുമാനവും ആദരവും അവിടുന്നാണ് അർഹിക്കുന്നത്. അതുകൊണ്ടുതന്നെ, അവിടുത്തോട് വിശ്വാസി സ്വീകരിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ ഒരു സമീപനരേഖ അല്ലാഹു അവരുടെ മുമ്പിൽ സമർപ്പിച്ചു. അവിടുത്തെ ഉന്നത പദവിയോട് അനാദരവാകുന്ന എല്ലാ വാക്കു-നോക്കുകളും അല്ലാഹു നിരോധിച്ചു. നിങ്ങൾ പരസ്പരം പേരെടുത്ത് വിളിക്കുന്നതു പോലെ പ്രവാചകരെ സംബോധന ചെയ്യാനോ അവിടുത്തെ ശബ്ദത്തേക്കാൾ ഉയർന്ന ശബ്ദത്തിൽ സംസാരിക്കാനോ വരെ പാടില്ലെന്ന് അല്ലാഹു നിഷ്കർഷിച്ചു.
ഇമാം മാലിക് (റ) നോട് അബൂജഅ്ഫർ (റ) ചോദിക്കുന്നുണ്ട്: “പ്രവാചകനെ ഞാൻ സിയാറത്ത് ചെയ്യുമ്പോൾ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് പ്രാർഥിക്കുകയാണോ വേണ്ടത്, അതല്ല, പ്രവാചകൻ (സ) തങ്ങളിലേക്കാണോ തിരിയേണ്ടത്?” ഇമാം മാലിക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു: “പ്രവാചകനിൽ നിന്ന് എങ്ങനെയാണ് താങ്കൾക്ക് മുഖം തിരിക്കാനാവുക. അങ്ങയുടെയും അങ്ങയുടെ പിതാവ് ആദം (അ)ന്റെയും മധ്യവർത്തിയല്ലേ അവിടുന്ന്?, ആയതിനാൽ പ്രവാചകനിലേക്ക് തിരിയുക, ശുപാർശ തേടുക, അല്ലാഹുവിനോട് അവിടുന്ന് താങ്കൾക്ക് വേണ്ടി ശുപാർശ ചെയ്യും.”
നബിമാരോട് അവരുടെ ജീവിത കാലത്ത് കാണിക്കുന്ന സ്നേഹ-ബഹുമാനങ്ങൾ മരണ ശേഷവും യാതൊരു മാറ്റവുമില്ലാതെ തുടരണമെന്ന വലിയ സന്ദേശം പരിശുദ്ധ ദീൻ ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."