ഫോര്‍ട്ട്കൊച്ചിയിലെ പുരാതന ബോയിലര്‍ അപകടാവസ്ഥയില്‍
അടിഭാഗം ശക്തിപ്പെടുത്തി അപകടം ഒഴിവാക്കണമെന്ന് ആവശ്യം ശക്തം
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്ഥാപിച്ച ബോയിലര്‍ നാശത്തിന്റെ വക്കില്‍. അടിഭാഗം ജീര്‍ണാവസ്ഥയിലായ ബോയിലര്‍ ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. പണ്ട് കാലത്ത് കപ്പലുകള്‍ ആവി എഞ്ചിനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കപ്പലുകളില്‍ ആവി പുറത്തേക്ക് വിടുന്നതിനാണ് ബോയിലര്‍ ഉപയോഗിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണക്കാലത്തെ കപ്പലുകളായ ലോര്‍ഡ് വില്ലിങ്ങ്ടന്‍, വില്ലിങ്ങ്ടന്‍ എന്നിവയിലെ ബോയിലറുകളാണ് ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥാപിച്ചിട്ടുള്ളത്.
എണ്‍പത് വര്‍ഷം പഴക്കമുള്ള ബോയിലറിന്റെ ചരിത്രം ഉള്‍പ്പടെ രേഖപ്പെടുത്തിയാണ് ഇവിടെ വച്ചിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് ചരിത്ര പ്രാധാന്യമുള്ള ബോയിലര്‍ ഇവിടെ സ്ഥാപിച്ചത്. സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന ഈ ബോയിലര്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളൊന്നും അധികൃതര്‍ കൈകൊണ്ടില്ല. ഇതിന്റെ ഭാഗമായി ബോയിലറിന്റെ ഉള്‍വശവും അടിഭാഗവും തുരുമ്പെടുത്ത് നശിക്കുകയായിരുന്നു. ശക്തമായ കാറ്റടിച്ചാല്‍ മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ് ബോയിലര്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അപകടം തിരിച്ചറിഞ്ഞ അധികൃതര്‍ ബോയിലറില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡ് തൂക്കിയിട്ടുണ്ട്. ഈ ബോയിലറിന്റെ സമീപത്തെ തറയില്‍ നിരവധി പേരാണ് രാവിലെയും വൈകിട്ടും സമയങ്ങളില്‍ ഇരിക്കുക.
ബോയിലറിന്റെ അടിഭാഗം ശക്തിപ്പെടുത്തി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ബോയിലര്‍ നശിയാതിരിക്കാന് നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്ന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."