പ്രൊഫ. ശോഭീന്ദ്രന്റെ ഓര്‍മ്മയ്ക്കായി ഹരിത സ്മൃതി തീരം
വേങ്ങേരി: വേങ്ങേരി ഗ്രീന്‍ വേള്‍ഡിനെ തൊട്ടൊഴുകുന്ന പൂനൂര്‍ പുഴയെയും നൂലിഴകളായി പെയ്‌തൊഴുകുന്ന മഴത്തുള്ളികളെയും സാക്ഷിനിര്‍ത്തി പ്രൊഫ. ശോഭീന്ദ്രന്‍ ഒന്നാം സ്മൃതിസംഗമം നടന്നു. ശോഭീന്ദ്രന്‍ വിഭാവനം ചെയ്ത സ്വാശ്രയ ഗ്രാമമായ ഗ്രീന്‍വേള്‍ഡിലെ സ്‌നേഹദീപം, പ്രതീക്ഷ എന്നീ റസിഡന്‍ഡ്‌സ് അസോസിയേഷനും പ്രൊഫ.ശോഭീന്ദ്രന്‍ ഗ്രീന്‍ ട്രസ്റ്റും സംയുക്തമായി നടത്തിയ സ്മൃതിസംഗമത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ശോഭീന്ദ്രന്‍ മാഷുടെ ഓര്‍മ്മയ്ക്കായി കോര്‍പ്പറേഷന്‍ ഗ്രീന്‍വേള്‍ഡ് പൂഴയോരത്ത് 1.75 കോടിയുടെ
പ്രകൃതി സൗഹൃദപാര്‍ക്ക് നിര്‍മ്മിക്കുമെന്നും ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മേയര്‍ അറിയിച്ചു.
പ്രൊഫ. ശോഭീന്ദ്രന്‍ ഗ്രീന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത കലാലയ പുരസ്‌കാരം കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജിന് നല്‍കി. മികച്ച ഹരിത കലാലയത്തിനുള്ള പുരസ്‌കാരം കോളജിനെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ ആഷ തോമസ് ഏറ്റുവാങ്ങി.
സ്മൃതിസംഗമത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ. സദാശിവന്‍ അധ്യക്ഷനായി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളും ട്രസ്റ്റ് മുഖ്യരക്ഷാധികാരിയുമായ പ്രൊഫ. വി. വാസുദേവന്‍ ഉണ്ണി, സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ മണ്ണാറത്തറ, ഹരിതസേന ചെയര്‍മാന്‍ ഡോ. അബ്രഹാം ബെന്‍ഹര്‍, പ്രൊഫ.ശോഭീന്ദ്രന്‍ ഗ്രീന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ദീപേഷ് കരിമ്പുങ്കര, നിറവ് ഫാര്‍മേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ ബാബു പറമ്പത്ത്, ഗുരുവായൂരപ്പന്‍ കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി വി.സജീവ്, ഉണര്‍വ്വ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി പി.ശോഭീന്ദ്രന്‍, ജൈവവകര്‍ഷകന്‍ വി.കെ രാജന്‍ നായര്‍, നീരജാക്ഷന്‍ മക്കട, സുരേന്ദ്രന്‍ വി.ടി എന്നിവര്‍ ആദരവ് സ്വീകരിച്ച് മറുമൊഴി നടത്തി.
കേന്ദ്രസര്‍ക്കാരിന്റെ എന്റെ അമ്മയ്ക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് സംസ്‌കൃതി അടക്കാപൂത്തൂരിന്റെ ഏകോപനത്തില്‍ പരിപാടിയില്‍ പങ്കെടുത്ത അഞ്ഞൂറോളം പേര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കൂട്ടായ്മയായ ബോധി, സെഡ്.ജി.സി കമ്യൂണ്‍, ശോഭീന്ദ്രന്‍ ഫോറം എന്നിവയും പ്രൊഫ.ശോഭീന്ദ്രന്‍
ഫൗണ്ടേഷന്‍, സേവ്, ഗ്രീന്‍ കമ്മ്യൂണിറ്റ്, ലവ് ഗ്രീന്‍ മൂവ്‌മെന്റ് തുടങ്ങിയ സംഘടനാ പ്രതിനിധികളടക്കം വിവിധ സംഘടനകളുടെ ഭാഗമായ പരിസ്ഥിതി പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുന്ന രംഗാവതരണവും അനുസ്മരണ പരിപാടിയുടെ ഭാഗമായി. പ്രൊഫ. ശോഭീന്ദ്രന്‍ ഗ്രീന്‍ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഷൗക്കത്ത് അലി എരോത്ത് പരിപാടിയുടെ അവതാരകനായി. റസിഡന്‍ഡ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്മാരായ കൃഷ്ണദാസ് തീരം (സ്‌നേഹദീപം) സ്വാഗതവും സുനില്‍ സിംഗ് (പ്രതീക്ഷ) നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."