സൂപ്പർ ലീഗ് കേരള; അടി, തിരിച്ചടി
കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊണ്ടും കൊടുത്തും ഫോഴ്‌സ കൊച്ചിയും കണ്ണൂർ വാരിയേഴ്‌സും. കൊച്ചിയിൽ നടന്ന മത്സരം 1-1 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. ആദ്യപകുതിയിൽ പ്രഗ്യാൻ ഗോഗോയിയുടെ ബൂട്ടിൽ നിന്നാണ് കണ്ണൂരിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൺ കൊച്ചിയുടെ സമനില ഗോൾ നേടി. ഏഴ് കളികളിൽ 13 പോയന്റുള്ള കണ്ണൂർ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഇത്രയും കളികളിൽ 10 പോയന്റുള്ള കൊച്ചിയാണ് മൂന്നാമത്. പതിയെ തുടങ്ങിയ കളിയിലെ ഗോൾ സാധ്യതയുള്ള ആദ്യ നീക്കം കണ്ണൂരിന്റെ ഭാഗത്ത് നിന്നായിരുന്നു. നായകൻ അഡ്രിയാൻ സെർഡിനേറോ ഇടത് വിങിലൂടെ കുതിച്ച് നൽകിയ പാസ് കൊച്ചി ഗോൾ കീപ്പർ ഹജ്മൽ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. പതിനാറാം മിനുട്ടിൽ കൊച്ചിക്കും നല്ലൊരു അവസരം കൈവന്നു.
ഡോറിയൽട്ടൻ ഒറ്റയ്ക്ക് മുന്നേറിയെങ്കിലും എതിർ പ്രതിരോധതാരത്തിന്റെ ചാർജിങിൽ വീണുപോയി.പത്തൊൻപതാം മിനുട്ടിൽ കണ്ണൂർ ലീഡ് നേടി. സെർഡിനേറോ നൽകിയ പാസിൽ പ്രഗ്യാൻ ഗോഗോയ് പായിച്ച ദുർബലമായ ഷോട്ട് കൊച്ചി പ്രതിരോധക്കാരൻ റോദ്രിഗസിന്റെ കാലിൽ തട്ടി ദിശമാറി പോസ്റ്റിൽ കയറി. സ്‌കോർ 1-0. ഗോൾ വഴങ്ങിയതോടെ കൊച്ചിയുടെ നിരന്തര ആക്രമണങ്ങൾ കണ്ടു. മുഹമ്മദ് നിദാൽ, നിജോ ഗിൽബർട്ട് തുടങ്ങിയവരെല്ലാം നടത്തിയ ശ്രമങ്ങൾ കണ്ണൂരിന്റെ കാവൽക്കാരൻ അജ്മൽ നടത്തിയ അത്ഭുത രക്ഷപ്പെടുത്തലുകളിൽ ഗോളാവാതെ പോയി.
രണ്ടാം പകുതിയിൽ നായകൻ അർജുൻ ജയരാജിന്റെ പിൻവലിച്ച കൊച്ചി പകരം റാഫേൽ അഗസ്റ്റോയെ മധ്യനിരയിൽ കൊണ്ടുവന്നു. അൻപത്തിനാലാം മിനുട്ടിൽ കണ്ണൂരിന് മികച്ചൊരു അവസരം കൈവന്നു. സെർഡിനേറോയുടെ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. കണ്ണൂരിന്റെ പെനാൽറ്റി ബോക്‌സിൽ നിരന്തരം സമ്മർദം ചെലുത്താൻ തുടർന്ന് കൊച്ചിക്ക് സാധിച്ചു. ഇഞ്ചുറി ടൈമിൽ ഫലമെത്തി. ഡോറിയൽട്ടണാണ് കണ്ണൂർ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടെ സമനില ഗോൾ നേടിയത് 1-1. ലീഗിലെ അടുത്ത മത്സരം ഒക്ടോബർ 18ന്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്.സി മലപ്പുറം എഫ്.സിയെ നേരിടും.
In Kochi, the Super League match between Force Kochi and Kannur Warriors ended in a 1-1 draw. Kannur's goal came from Pragyan Gogoi in the first half, while Dorylton scored the equalizer for Kochi during injury time in the second half
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."