വഖ്ഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് നിയമസഭ
തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവരുന്ന വഖ്ഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഒറ്റക്കെട്ടായി നിയമസഭ. മന്ത്രി വി.അബ്ദുറഹ്‌മാൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ബില്ലിലെ വ്യവസ്ഥകൾ വഖ്ഫ് വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കുന്നതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ഭരണഘടനാ ഫെഡറൽ തത്വങ്ങൾക്ക് എതിരും വഖഫിന്റെ മേൽനോട്ടച്ചുമതലയുള്ള ബോർഡുകളുടെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും പ്രവർത്തനം അധികാരം എന്നിവ ദുർബലപ്പെടുത്തുന്നതുമാണ്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര കാഴ്ചപ്പാടുകൾ ലംഘിക്കുന്ന തരത്തിലുള്ളതുമാണ് ബിൽ എന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങളും നോമിനേറ്റ് ചെയ്യുന്ന ചെയർമാനും മാത്രമുള്ള ബോർഡ് ജനാധിപത്യ വ്യവസ്ഥയ്ക്ക് പൂർണമായും എതിരാകും. ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങൾ വിശ്വാസത്തിനു മേലുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരവകാശം എന്നിവയിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും പ്രമേയത്തിൽ പറയുന്നു.
പി. ഉബൈദുള്ള, എൻ.ശംസുദ്ദീൻ, ടി.വി ഇബ്രാഹിം, ടി.സിദ്ദീഖ് എന്നിവർ ഭേദഗതികൾ നിർദേശിച്ചു. ടി.വി ഇബ്രാഹിമിന്റെ ഭേദഗതികൾ തള്ളി മറ്റുള്ള അംഗങ്ങളുടെ ഏതാനും ചില ഭേദഗതികൾ അംഗീകരിച്ചുമാണ് പ്രമേയം പാസാക്കിയത്.
വഖ്ഫ് ബോർഡിന്റെ ജനാധിപത്യ സ്വഭാവം അട്ടിമറിക്കുന്നതാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് പി.ഉബൈദുള്ള പറഞ്ഞു. വഖ്ഫ് രംഗത്ത് അരാജകത്വം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖ്ഫ് സ്വത്ത് അന്യാധീനപ്പെടുത്താനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് പുതിയ നീക്കമെന്നും എൻ.ശംസുദ്ദീൻ പറഞ്ഞു.
വയനാടിന് കേന്ദ്രം അടിയന്തര സഹായം നൽകണം; പ്രമേയം പാസാക്കി
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാൻ ഐകകണ്ഠ്യേന പ്രമേയം പാസാക്കി നിയമസഭ. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയ്ക്കു പിന്നാലെ മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ദുരന്തം രേഖപ്പെടുത്തിയത്. ദുരന്തശേഷം പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരിൽകണ്ടും മുഖ്യമന്ത്രി സഹായാഭ്യർഥന നടത്തി. എന്നാൽ ഇതുവരെ അടിയന്തര സഹായം ഒന്നുംതന്നെ ലഭ്യമായിട്ടില്ലെന്നും പ്രമേയത്തിൽ പറയുന്നു.
പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലും ഇല്ലാതെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിനു ലഭിച്ചില്ല. ദേശീയ ദുരന്തനിവാരണ നിയമം 2005 ലെ 13ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്രദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരമുണ്ട്.
ഈ അധികാരം വിനിയോഗിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. സഹായം ലഭ്യമാകുന്നതിലുള്ള കാലതാമസം ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സർക്കാർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നും നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."