'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍
ജറൂസലം: ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ ഗസ്സയിലെ സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങുമെന്ന പ്രതീക്ഷ അവസാനിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയിലേക്ക് കൂടുതല്‍ സേനയെ അയച്ച ഇസ്‌റാഈല്‍ വ്യോമ, കരയാക്രമണങ്ങള്‍ ശക്തമാക്കി. യാതൊരു മുന്നറിയിപ്പോ ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശമോ നല്‍കാതെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം 73 മയ്യിത്തുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപുകളിലൊന്നായ ജബലിയയിലും മഗാസിയിലും 20 കുട്ടികളും സ്ത്രീകളുമടക്കം 44 പേര്‍ കൊല്ലപ്പെട്ടു. 80ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ അതോറിറ്റിയുടെ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ജബലിയയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അല്‍അവ്ദ, കമാല്‍ അദ്‌വാന്‍ ആശുപത്രികള്‍ ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ നൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. സ്ത്രീകളും കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പെടുന്നു. നിരവധിയാളുകളെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായെന്നും കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി ഗസ്സയില്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ 42,519 ഫലസ്തീനികള്‍ക്കാണ് ജീവന്‍ ന,്ടമായത്. പുറത്തു വന്ന ഔദ്യോഗിക കണക്കാണിത്.
അതിനിടെ, ഗസ്സ ഇനി ഹമാസ് ഭരിക്കില്ല എന്ന സന്ദേശമെഴുതിയ യഹ്‌യ സിന്‍വാറിന്റെ ചിത്രമുള്ള ലഘുലേഖകള്‍ ഇസ്‌റാഈല്‍ വ്യോമസേന ഗസ്സയില്‍ വിതരണം ചെയ്തു. ആയുധങ്ങള്‍ ഉപേക്ഷിക്കുകയും ബന്ദികളെ വിട്ടുനല്‍കുകയും ചെയ്യുന്നവരെ വെറുതെവിടുമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുമെന്നായിരുന്നു അറബി ഭാഷയിലുള്ള സന്ദേശം.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം ലബനാനിലും ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച തലസ്ഥാനമായ ബൈറൂത്തില്‍ ഉള്‍പ്പെടെ നടത്തിയ ആക്രമണത്തില്‍ മേയര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ സര്‍ക്കാര്‍ മാധ്യമമായ നാഷനല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
സോഹ്മോര്‍ ടൗണിന്റെ മേയറായ ഹൈദര്‍ ശഹ്‌ലയാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ബെക്കാ വാലി മേഖലയില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം. ബാലൂല്‍ പട്ടണത്തിലെ ജനവാസ മേഖലയിലുള്ള കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്.
ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ ഇസ്‌റാഈലിലെ ഹൈഫയിലും പശ്ചിമ ഗലീലിയിലും ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. 55 റോക്കറ്റുകളാണ് ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."