16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ: ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല
തിരുന്നാവായ: ജില്ലാ വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രങ്ങളിലേക്കുള്ള ലക്‌ചറർ തസ്തികയിൽ പരീക്ഷ നടത്തി ഒരു വർഷമായിട്ടും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാതെ പി.എസ്.സി. അധ്യാപകരില്ലാതെ ഡയറ്റുകളുടെ പ്രവർത്തനം വർഷങ്ങളായി താളംതെറ്റിയിട്ടും ഇതാണവസ്ഥ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഡയറ്റ് ലക്‌ചറർ നിയമനം പി.എസ്.സിക്കു വിട്ടത്. താല്ക്കാലിക നിയമനം തന്നെയാണ് ഇപ്പോഴും ഇവിടങ്ങളിൽ തുടരുന്നത് എന്നത് കാര്യക്ഷമതയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
2022 സെപ്റ്റംബർ 15ലെ ഗസറ്റിലാണു പി.എസ്.സി വിജ്‌ഞാപനം പ്രസിദ്ധീകരിച്ചത്. 153 ഒഴിവിലേക്കായിരുന്നു വിജ്‌ഞാപനം.
നേരിട്ടും തസ്തികമാറ്റം വഴിയും പ്രസിദ്ധീകരിച്ച വിജ്‌ഞാപനങ്ങളുടെ അടിസ്‌ഥാനത്തിൽ 9,514 പേർ പരീക്ഷ എഴുതി. ഒരു വർഷം പിന്നിട്ടിട്ടും തുടർ നടപടി സ്വീകരിച്ചിട്ടില്ല. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഉൾപ്പെട്ടവരുടെ അഭിമുഖം പൂർത്തിയാക്കി റാങ്ക് പട്ടിക പുറത്തിറക്കണം. ഈ നടപടികൾക്കുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാർഥികൾ.
ഒ.എം.ആർ പരീക്ഷകൾക്കു പകരം വിവരണാത്മക എഴുത്തുപരീക്ഷയാണ് നടത്തിയത്. അതിനാൽ മൂല്യനിർണയത്തിന് കൂടുതൽ സമയം വേണമെന്നും അതാണ് ലിസ്‌റ്റ് വൈകാൻ കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇതിന് ഒരു വർഷത്തിലധികം സമയമെടുക്കുന്നതിൽ ഉദ്യോഗാർഥികൾ ആശങ്കയിലാണ്.
മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ മാർഗരേഖയനുസരിച്ച് 1990-92 കാലത്താണ് എല്ലാ ജില്ലകളിലും ഡയറ്റുകൾ സ്ഥാപിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഡയറ്റുകളിൽ ഗവേഷണങ്ങൾ, പരിശീലനങ്ങൾ, റിസോഴ്‌സ് പ്രവർത്തനങ്ങൾ, പ്രഥമാധ്യാപക ശാക്തീകരണം, ചോദ്യ പേപ്പർ നിർമാണം, സാങ്കേതികവിദ്യകളുടെ പരിശീലനം, സാക്ഷരതാ പ്രേരക്മാർക്കുള്ള പരിശീലനം തുടങ്ങിയവയാണ് നടക്കുന്നത്.
2008ലാണ് അവസാനമായി സ്‌ഥിരം അധ്യാപകരുടെ നിയമനം ഡയറ്റുകളിൽ നടന്നത്. 16 വർഷമായി സ്ഥിരം നിയമനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഡയറ്റുകളിൽ യോഗ്യരായ അധ്യാപകരുടെ കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."