മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന്
തൃശൂര്‍: ഒടുവില്‍ പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യാത്തതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയുടെ വാക്കുകള്‍: 'ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍, ആ മൊഴിയില്‍ എന്താ പറഞ്ഞിരിക്കുന്നത്. ആ മൊഴി പ്രകാരം എന്താ കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കില്‍ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങള്‍ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും പറയാം. അത് സെന്‍സര്‍ ചെയ്ത് തിയറ്ററില്‍ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഒരുത്തന്റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല'
'(പൂരത്തില്‍) ആ ആംബുലന്‍സ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെന്റാണത്. ഞാന്‍ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാന്‍ പറ്റുന്നില്ല. അതിന് മുമ്പ് ഞാന്‍ കാറില്‍ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയപ്പോള്‍ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാര്‍, ഗുണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യില്‍ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാന്‍ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്. അവിടുന്നാണ് ഞാന്‍ ആംബുലന്‍സില്‍ കയറിയത്. ഇതിന് ഞാന്‍ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സി.ബി.ഐ വരുമ്പോള്‍ അവരോട് പറഞ്ഞാ മതി. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിക്കാന്‍. ഇവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും' -സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് ഉറച്ചുനില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ചയാകാമെന്നും ആയിരുന്നു മുന്‍പ് നടത്തിയ പ്രതികരണം. തൃശൂര്‍ പൂരം കലങ്ങിയ സമയത്ത് ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കില്‍ അന്വേഷണം സിബിഐക്കു വിടട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലക്കംമറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."