പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ
ജയ്പൂര്‍: രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ (ആർഎസ്എസ്) മുതിർന്ന നേതാവും ചിന്തകനുമായി ചമഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയ്ക്ക് വ്യാജ കത്തയച്ചയാൾ പിടിയിൽ. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി നിയമിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു കത്ത്. വ്യാജമായി ഉണ്ടാക്കിയ ആർഎസ്എസ് ലെറ്റർഹെഡ് ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച കുശാൽ ചൗധരി എന്നയാളാണ് പിടിയിലായത്.
കത്ത് ലഭിച്ചപ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ്, പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതേ അപേക്ഷയുടെ പകർപ്പ് കുശാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ചിരുന്നു. അറസ്റ്റിന് ശേഷം ഇയാളുടെ പക്കൽ നിന്ന് ആർഎസ്എസുമായി ബന്ധപ്പെട്ട വ്യാജരേഖകളും പൊലിസ് കണ്ടെത്തിയിരുന്നു.
കുശാൽ ചൗധരി സോഷ്യൽ മീഡിയയിൽ സ്വയം ആർഎസ്എസ് സൈദ്ധാന്തികൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിജയ് സിംഗ് എന്നയാൾ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലിസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. ആർഎസ്എസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയിരുന്നുവെന്ന് ജയ്പൂർ വെസ്റ്റ് ഡിസിപി അമിത് കുമാർ പറഞ്ഞു. അസം ഭിന്നശേഷി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷൻ കമ്മീഷണറായി നാമനിർദ്ദേശം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കുശാൽ ചൗധരി അസം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സമാനമായ കത്ത് അയച്ചിരുന്നുവെന്നും ഡിസിപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."