ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍
പാലക്കാട്: താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണ് അര്‍ധരാത്രി ഹോട്ടല്‍ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധനയെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അര്‍ധരാത്രിയിലെത്തിയ പൊലിസ് തന്റെ ശരീര പരിശോധന വരെ നടത്തിയെന്നും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പൊലിസ് കാണിച്ചില്ലെന്നും ഷാനിമോള്‍. തന്റെ മുറി എപ്പോഴാണ് തുറക്കേണ്ടതെന്ന് തീരുമാനിക്കുന്നത് താന്‍തന്നെയാണെന്നും ഷാനിമോള്‍ പറഞ്ഞു.
ആദ്യം ഷാനിമോള്‍ മുറിതുറക്കാതെ ഇരുന്നത് കള്ളപ്പണം ഒളിപ്പിക്കാനായിരുന്നു വെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ അസമയത്ത് വന്നാണോ തെരഞ്ഞെടുപ്പിന്റെ കാര്യം ചോദിക്കേണ്ടതെന്നും സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്കു വരുമ്പോള്‍ ഒരു വനിതാപൊലിസെങ്കിലും വേണ്ടേ എന്നുമാണ് ഷാനിമോള്‍ ചോദിക്കുന്നത്.
12 മണിക്ക് ശേഷമാണ് അവര്‍ വരുന്നത്. വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല. വാതിലില്‍ വന്നു മുട്ടുകയും തള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്. നോക്കുമ്പോള്‍ നാലു പേരുണ്ട്. എന്താ കാര്യമെന്നു ചോദിച്ചപ്പോഴാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്നു പറഞ്ഞത്. ഈ അസമയത്താണ് തെരഞ്ഞെടുപ്പിന്റെ കാര്യമെന്നും അത് നിയമപരമല്ലെന്നും നടക്കില്ലെന്നും പറഞ്ഞപ്പോള്‍ വാതില്‍ തുറന്നേ പറ്റൂ എന്നായി അവര്‍. റിസപ്ഷനില്‍ പോയി എന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞു ഞാന്‍.
കുറച്ച് കഴിഞ്ഞ് വലിയ ബഹളം കേട്ടു പുറത്തിറങ്ങി നോക്കുമ്പോള്‍ വലിയ ആള്‍ക്കൂട്ടം തന്നെയുണ്ട്. വനിതാ പൊലിസില്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ടാവാം ഒരു വനിതാപൊലിസിനെയും കൊണ്ടുവന്നിട്ടുണ്ട്. എന്റെ ശരീര പരിശോധന വരെ അവര്‍ നടത്തി.മുറിയിലെ മുഴുവന്‍ സാധനങ്ങളും വലിച്ചുപുറത്തിട്ടു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് നേരിട്ട ഏറ്റവും വലിയ അപമാനമാണിതെന്നും ഷാനിമോള്‍.മുറി തുറക്കാതിരുന്നതാണ് സംശയമെന്ന് റഹീം പറഞ്ഞു.
റഹീമിന്റെ സംസ്‌കാരമല്ല എന്റെ സംസ്‌കാരമെന്നും എന്റെ മുറി എപ്പോള്‍ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്നും അര്‍ധരാത്രിയില്‍ നാലു പുരുഷ പൊലിസുകാര്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കതക് തുറക്കണം എന്നു പറയാന്‍ അയാള്‍ക്ക് നാണമില്ലേയെന്നും പുച്ഛവും സഹതാപവും തോന്നിപ്പോയ ദിനമായിരുന്നു ഇന്നലത്തേതെന്നും ഷാനി. ഒററയ്ക്കു താമസിക്കുകയും യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളാണ് ഞങ്ങള്‍.
ഞങ്ങളെയൊക്കെ മാതൃകയാക്കുന്ന സ്ത്രീകളൊക്കെ ഈഅസമയത്തെ പരിശോധനയും മറ്റുമല്ലേ കാണുന്നത്. കേരളത്തില്‍ പുതിയ സംസ്‌കാരമുണ്ടാക്കാനൊന്നും ഞങ്ങള്‍ സമ്മതിക്കില്ല. കേരളത്തെ 25 വര്‍ഷം പിറകോട്ട് കൊണ്ടുപോകുന്നതരത്തിലുള്ള നടപടിയാണിത്. ഇതിനെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."